നമ്മൾ ആകാശത്തിലേക്ക് നോക്കുമ്പോൾ ചില സമയത്ത് ദേശാടനപ്പക്ഷികളെ കാണാറില്ലേ? എന്ത് ഭംഗിയാണ് അവയുടെ ‘v’ ആകൃതിയിലുള്ള ആ പോക്ക് കാണാൻ. ലക്ഷക്കണക്കിനു പക്ഷികളാണ് വര്‍ഷംതോറും ദേശാന്തരയാത്ര നടത്തുന്നത്. പലപക്ഷികളുടെയും യാത്ര രാജ്യങ്ങളും വന്‍കരകളും താണ്ടി സുദീര്‍ഘമാണ്. ജന്മദേശത്തുനിന്നു വിരുന്നിടങ്ങളിലേക്കും തിരികെയുമുള്ള യാത്രയാണ് ഈ ദേശാടനം. സെപ്റ്റംബര്‍ മുതലാണ് കേരളത്തിലേക്ക് ദേശാടനപ്പക്ഷികൾ എത്തുന്നത്. നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ ദേശാടനക്കിളികൾക്ക് വഴിയൊന്നും തെറ്റാതെ ഇത്ര കൃത്യമായി എങ്ങനെ എത്തിച്ചേരുന്നു എന്ന്.
ജർമ്മനിയിലെ ഏവിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ മിറിയം ലിയെഡ്‌വോഗെൽ നൽകുന്ന വിവരമനുസരിച്ച് കാഴ്‌ചയും കേൾവിയുമാണ് വഴി കണ്ടെത്താൻ പക്ഷികൾ പ്രധാനമായും ഉപയോഗിക്കുന്ന മാർഗങ്ങൾ. പക്ഷികളുടെ അസാധാരണമായ ഐന്ദ്രിയസവിശേഷതകള്‍ സഞ്ചാരപാതകള്‍ കണ്ടെത്താന്‍ സഹായകമാണ്. മനുഷ്യന് കേള്‍ക്കാന്‍പറ്റാത്ത ശബ്ദങ്ങള്‍ പക്ഷികള്‍ക്ക് കേള്‍ക്കാന്‍ കഴിയും. നൂറുകണക്കിന് കിലോമീറ്റര്‍ ദൂരത്തുനിന്നുവരുന്ന ശബ്ദങ്ങള്‍ ശ്രവിക്കാന്‍കഴിയും. മനുഷ്യന് അദൃശ്യമായ കാഴ്ചകള്‍ പക്ഷികള്‍ക്ക് കാണാന്‍ സാധിക്കും. മനുഷ്യനേത്രങ്ങള്‍ക്കു അഗോചരമായ സൂര്യപ്രകാശത്തിലെ ചില കിരണങ്ങള്‍ പക്ഷികള്‍ക്ക് കാണാം. ഘ്രാണശക്തിയും വികസിതമാണ്. അതായത് മനുഷ്യര്‍ കാണുന്ന ലോകത്തല്ല പക്ഷികള്‍ ജീവിക്കുന്നത്. അതുകൊണ്ടാണ് കൊടുങ്കാറ്റ്, ഭൂമികുലുക്കം മുതലായ പ്രകൃതിക്ഷോഭങ്ങളുടെ ആഗമനസൂചനകള്‍ പക്ഷികള്‍ക്ക് മുന്‍കൂട്ടി ലഭിക്കുന്നത്.
ചില സ്ഥലങ്ങളിലെ അടയാളങ്ങൾ പക്ഷികൾ പ്രത്യേകം ഓർത്തുവയ്‌ക്കും. കരയിലൂടെ പറക്കുന്നവയാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഈ പക്ഷികൾ പുഴകളും മലകളുമാണ് ഇത്തരത്തിൽ ഓർത്തുവയ്‌ക്കുന്നത്. എന്നാൽ പുഴകളും കുളങ്ങളും നോക്കി പറക്കുന്ന പക്ഷികൾക്ക് ഇത്തരത്തിലല്ല കഴിവ്. അവ ഗന്ധം ആശ്രയിച്ചാണ് വഴി കണ്ടെത്തുക. ഒരിക്കൽ ഇക്കാര്യം പരീക്ഷിക്കാൻ ഗവേഷകർ ചില കടൽ പക്ഷികളുടെ ഗന്ധമറിയുന്ന വഴി തടസപ്പെടുത്തി. അവ അതിനുമുകളിലൂടെ പറന്നെങ്കിലും വഴിതെറ്റിപ്പോയെന്ന് കണ്ടെത്തി.
സൂര്യനെയും നക്ഷത്രങ്ങളെയും തങ്ങളുടെ വഴികാട്ടിയായി പക്ഷികൾ കാണുന്നുണ്ട്. പകൽ ദേശാടനം നടത്തുന്ന പക്ഷികൾ സൂര്യന്റെ സ്ഥാനം നിർണയിച്ച് അത് ഏത് സമയമെന്ന് സ്വയം മനസിലാക്കിയാണ് പറക്കുന്നത്. ഒരുതരത്തിൽ മനുഷ്യർ വടക്കുനോക്കി യന്ത്രം ഉപയോഗിക്കും പോലെ. കൃത്രിമ വിളക്കുകൾ കൊണ്ട് ഇവയുടെ വഴി തെറ്റിക്കാൻ ശ്രമിച്ചപ്പോൾ ഇവയ്‌ക്ക് ശരിയായ വഴി നഷ്‌ടമായതായി കണ്ടു. പക്ഷെ മിക്ക പക്ഷികളും രാത്രിയാണ് ദേശാടനം നടത്തുന്നത് എന്ന് ഗവേഷകർ മനസിലാക്കി. രാത്രിയിൽ നക്ഷത്രങ്ങളുടെ സ്ഥാനമെല്ലാം മനസിലാക്കിയാണ് പക്ഷികൾ പറക്കുന്നത്. ഇവ കൃത്യമായിരിക്കും. എന്നാൽ ചിലദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമായാൽ ഇത്തരത്തിൽ നക്ഷത്രങ്ങളെ പക്ഷികൾക്ക് കാണാനാകില്ല. അപ്പോൾ മാഗ്നറ്റോറിസപ്‌ഷൻ എന്ന തങ്ങളുടെ കഴിവുപയോഗിച്ച് പക്ഷികൾ ദിശ മനസിലാക്കും.
ഭൂമിയുടെ കാന്തികക്ഷേത്രം എവിടെയെന്ന് അറിയാൻ ഇതുവഴി പക്ഷികൾക്ക് കഴിയുന്നതാണ് കാരണം. ഒരുതരം രാസപ്രവർത്തനങ്ങളുടെ പ്രതിപ്രവർത്തനം വഴിയാണ് ഭൂമിയുടെ കാന്തികക്ഷേത്രം എവിടെയെന്ന് പക്ഷികൾ അറിയുന്നത്. പക്ഷികളുടെ കൊക്കുകളിൽ ഇരുമ്പ് അടങ്ങിയ ധാതുക്കളുണ്ട്. ഇവ തലച്ചോറുമായി പക്ഷികളെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഭൂമിയുടെ കാന്തികക്ഷേത്രം എവിടെയെന്ന് കൃത്യമായി അറിയാനാകും. birds-in-nightഇവയ്‌ക്ക് പുറമേ ധ്രുവദീപ്‌തികൾ വഴിയും പക്ഷികൾ ദിശമനസിലാക്കും. സൗരോർജ്ജകാറ്റുകൾ പോലെയുള്ള പ്രതിഭാസങ്ങൾ നടക്കുമ്പോഴോ ഇടിയും മഴയും ശക്തമാകുമ്പോഴോ ഈ കഴിവ് നേരാം വണ്ണം പക്ഷികളിൽ പ്രവർത്തിക്കില്ല എന്നും ഗവേഷകർ മനസിലാക്കിയിട്ടുണ്ട്.
ദേശാടനത്തിനുമുമ്പേ പക്ഷികള്‍ ഇടതടവില്ലാതെ ഭക്ഷണം കഴിക്കും. ഭക്ഷണം ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വയറിന്റെ വലുപ്പം കൂടും. ദഹനം എളുപ്പത്തില്‍ നടക്കും. അമിതഭക്ഷണം കൊഴുപ്പാക്കിമാറ്റാന്‍ കരള്‍ കഠിനാധ്വാനംചെയ്യും. കരളിന്റെ വലുപ്പം കൂടും. അമിതാഹാരത്തില്‍നിന്നു ലഭിക്കുന്ന കൊഴുപ്പ് ശരീരത്തില്‍ ശേഖരിച്ചുവെക്കുന്നു. ഈ കൊഴുപ്പാണ് പക്ഷികളുടെ ഊര്‍ജത്തിന്റെ ഉറവിടം. ചിലപക്ഷികളുടെ ശരീരഭാരം ദേശാടനത്തിനുമുമ്പേ ഇരട്ടിയാകാറുണ്ട്. എന്നാല്‍, ചില ദീര്‍ഘദൂര സഞ്ചാരികള്‍ യാത്രാമധ്യേ ചിലയിടങ്ങളില്‍ ഇറങ്ങി ഭക്ഷണം കഴിച്ചും വിശ്രമിച്ചും യാത്ര തുടരുകയാണ് പതിവ്. ഇത്തരം താത്കാലിക വിശ്രമയിടങ്ങളില്‍ ഏതാനും ദിസങ്ങളോ ആഴ്ചകളോ തങ്ങും.
സൈബീരിയയില്‍നിന്നും ചൈനയില്‍നിന്നും ദേശാടനത്തിനായി ആഫ്രിക്കയിലേക്ക് പറക്കുന്ന ചെങ്കാലന്‍ പുള്ളു (Amur Falcon) ഇന്ത്യയില്‍ ചിലയിടങ്ങളില്‍ താത്കാലികമായി തങ്ങി അറബിക്കടല്‍ കടന്ന് ആഫ്രിക്കയിലേക്ക് യാത്രതുടരുകയാണ് പതിവ്. ചില പക്ഷികള്‍ കേരളത്തിലും തങ്ങാറുണ്ട്. ഇതേസമയത്ത് തെക്കേ ഇന്ത്യയില്‍നിന്ന് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ഓണത്തുമ്പികളെയും ഭക്ഷിച്ചു വിശപ്പകറ്റും. അറബിക്കടലിന്റെ ആകാശത്തുവെച്ചാണ് ഓണത്തുമ്പികളും ചെങ്കാലന്‍ പുള്ളും കണ്ടുമുട്ടുന്നത്. ലോകത്ത് ഏറ്റവും ദൂരം ദേശാടനം നടത്തുന്ന ആര്‍ട്ടിക് ആള യാത്രയ്ക്കിടെ മത്സ്യങ്ങളെയും മറ്റു കടല്‍ജീവികളെയും ഭക്ഷിച്ചു പറക്കാനാവശ്യമായ ഊര്‍ജം സ്വായത്തമാക്കാറുണ്ട്.
മനുഷ്യർക്ക് എവിടെയെങ്കിലും പോയാലും സ്വന്തം വീട്ടിൽ തിരിച്ചെത്തുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്. അത് പോലെ തന്നെയാണ് ദേശാടനപ്പക്ഷികളുടെ ജന്മനാട്ടിലേക്കു തിരികെയെത്താനുള്ള ആഗ്രഹവും. ഭൂമിയുടെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് പറക്കുന്ന ആര്‍ട്ടിക് ആളയായാലും യൂറോപ്പില്‍നിന്ന് ആഫ്രിക്കയിലേക്ക് ദേശാടനം ചെയ്യുന്ന പക്ഷികളായാലും നിശ്ചിതസമയത്ത് ജന്മസ്ഥലത്തു തിരികെയെത്തും. മാതാപിതാക്കളിൽ നിന്നാണ് പക്ഷികൾ ദേശാടനം നടത്തേണ്ടതെങ്ങനെ എന്ന് മനസിലാക്കുന്നത്. എന്നാൽ കൃത്യമായി അതെങ്ങനെ എന്ന കാര്യത്തിൽ ഇപ്പോഴും പഠനങ്ങൾ നടക്കുകയാണ്.
















