ഇന്ത്യക്കാര്‍ ഒന്നാകെ ആഘോഷിക്കുന്ന അല്ലെങ്കില്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇന്ന് രാജ്യമൊന്നാകെയുള്ള ജനങ്ങള്‍ ദീപാവലി ആഘോഷങ്ങളില്‍ മുഴുകും, നാടും നഗരവുമെല്ലാം ദീപപ്രഭയാല്‍ ജ്വലിക്കും. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന മഹത്തായ സന്ദേശമാണ് ദീപാവലിയുടേത്. മൺചിരാതിൽ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ദീപങ്ങളുടെ നിറച്ചാർത്തൊരുക്കുന്ന ദിവസം.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ദീപാവലിയോട് അനുബന്ധിച്ച് രാജ്യത്ത് നടക്കുന്നത്. ജാതിമതഭേദമന്യേ എല്ലാവരും ഈ ആഘോഷ പരിപാടികളുടെ ഭാഗമാകും.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ആശംസകൾ നേർന്നു.
ദീപാവലിയെക്കുറിച്ച് പല ഐതിഹ്യങ്ങളുണ്ട്. പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യയിലെത്തുന്ന ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയെന്നാണ് ഒരു കഥ. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും പാലാഴി മഥനത്തിൽ ലക്ഷ്മി ദേവി അവതരിച്ച ദിവസമാണെന്നുമാണ് മറ്റ് ഐതിഹ്യങ്ങൾ.
കേരളത്തിൽ പ്രധാനക്ഷേത്രങ്ങളിൽ ദർശനത്തിന് വളരെയധികം തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസം കൂടിയാണ് ദീപാവലി.
അതേസമയം, വായു മലിനീകരണം രൂക്ഷമായതോടെ ഹരിത പടക്കങ്ങൾ ഉപയോഗിച്ചാണ് ആഘോഷങ്ങൾ പൊടിപൊടിക്കുന്നത്.ഇത്തവണ കർശന നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പടക്ക വിപണി സജീവം എന്നാണ് കച്ചവടക്കാർ പറയുന്നത്.
















