കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എം പിക്ക് മര്‍ദനമേറ്റതില്‍ രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം. വടകര ഡിവൈഎസ്പി ഹരിപ്രസാദിനെയും പേരാമ്പ്ര ഡിവൈസ്പി സുനില്‍ കുമാറിനെയുമാണ് സ്ഥലം മാറ്റിയത്.
പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പിലിന് മര്‍ദനമേറ്റതില്‍ ഇരുവര്‍ക്കുമെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റമുള്ള ലിസ്റ്റില്‍ ഇരുവരുടെയും പേരുകള്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നത്.
ഹരിപ്രസാദിനെ കോഴിക്കോട് നോര്‍ത്തിലേക്കും സുനില്‍ കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചിലേക്കുമാണ് മാറ്റിയത്.
എന്നാൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.
സികെജിഎം കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് ഷാഫി പറമ്പിലിന്‍റെ മൂക്കിന് അടിയേറ്റത്. കഴിഞ്ഞ ദിവസം ഐജിയെ നേരിട്ട് കണ്ട കോണ്‍ഗ്രസ്, അഞ്ച് ദിവസത്തിനുള്ളിൽ പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
















