കനത്ത മഴയിൽ പൂവത്തിപ്പൊയിലിലും സമീപപ്രദേശങ്ങളിലും ഉണ്ടായത് വൻ നാശനഷ്ടം. പൂവത്തിപ്പൊയിൽ, ഡീസന്റ്കുന്ന്, രണ്ടാംപാടം തുടങ്ങിയ പ്രദേശങ്ങളിലെ 93 വീടുകളിലാണ് വെള്ളം കയറി നാശനഷ്ടം സംഭവിച്ചത്. അറുപതോളം കിണറുകൾ ഉപയോഗിക്കാൻ പറ്റാതെയായിട്ടുണ്ട്. ആറു വീടുകളുടെ ചുറ്റുമതിലുകളും തകർന്നു. പൂവത്തിപ്പൊയിലിലെ പുളിയക്കോടൻ കരീമിന്റെ ഫാമിൽ 2,200 കോഴികളും ഇല്ലിക്കൽ ഫിറോസിന്റെ ഫാമിൽ ആയിരം കോഴികളും, ഫാമിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് ചത്തു.
വീടുകളിൽനിന്നു വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഫർണിച്ചർ ഉൾപ്പെടെയുള്ളവ ഒഴുകിപ്പോയി. ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഇവയ്ക്കെല്ലാം വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു. അത്തിത്തോടിനു സമീപങ്ങളിലെ വീടുകളുടെ ഉള്ളിൽ അരയ്ക്കൊപ്പം വെള്ളം കയറിയിരുന്നു. വീടിനുള്ളിൽ ചെളി നിറഞ്ഞ നിലയിലാണ്. ചില വീട്ടുകാർ ശുചീകരണം തുടങ്ങിയെങ്കിലും തുടർന്നും മഴയുടെ ഭീഷണിയുള്ളതിനാൽ ആശങ്കയിലാണ്.
വഴിക്കടവ് വനത്തിൽനിന്ന് ഒഴുകിയെത്തുന്ന അത്തിത്തോട് കരകവിഞ്ഞെത്തിയാണ് പ്രദേശത്തെ വെള്ളത്തിൽ മുക്കിയത്. ശനിയാഴ്ച വൈകിട്ട് നാലിന് ആയിരുന്നു മഴയുടെ തുടക്കം. സാധാരണ നിലയിലുള്ള മഴയുടെ ഭാവം പെട്ടെന്നു മാറുകയായിരുന്നു.
















