ഇനി കക്കാ വേവിച്ച വെള്ളം കളയേണ്ട, ഉഗ്രൻ കറി തയാറാക്കാവുന്നതാണ്. ഒരു ട്രെഡീഷനൽ റെസിപ്പിയാണ്. എങ്ങനെ ഉണ്ടാക്കുമെന്ന് അറിയാം.
തോടോടുകൂടിയ കക്കാ വാങ്ങിയിട്ട് നല്ലവണ്ണം കഴുകണം. അതിലെ മണ്ണ് പോകുന്നിടം വരെ വൃത്തിയായി കഴുകിയെടുക്കണം. ശേഷം ഒരു പാത്രത്തിൽ ഇത്തിരി വെള്ളം ചേര്‍ത്ത് നന്നായി വേവിക്കണം. ഇത്തിരി ഉപ്പും ചേർക്കണം.
തിളച്ച കക്കാവെള്ളം ഒരു കുക്കറിലേക്ക് ചേർക്കണം. അതിലേക്ക് പച്ചമാങ്ങാ മുറിച്ചത് ചേർക്കണം, ഒരു വിസിൽ വരുന്നിടം വരെ വേവിക്കാം.
ശേഷം അതിലേക്ക് ചെറിയുള്ളിയും വറ്റൽമുളകും ചതച്ചുചേർക്കണം. കക്കാവെള്ളത്തിൽ വെന്ത മാങ്ങയും ചെറിയുള്ളിയും വറ്റൽമുളകും ചതച്ചതും കക്കവെള്ളവും ചേർത്ത് നന്നായി മാങ്ങാ ഞെരടി യോജിപ്പിക്കാം.
ഈ കറി ചോറിന് കൂടെ കഴിക്കാം. കക്കവെള്ളത്തിനൊപ്പം തോടോടുകൂടിയ കക്കാ ചേർത്തും ഈ കറി തയാറാക്കാവുന്നതാണ്.
















