ബെംഗളൂരു: ബെംഗളൂരുവിൽ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു. കർണാടകയിലെ മടിക്കേരി സ്വദേശിനി സന പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റഫാസിനെതിരെയാണ് പൊലീസ് കേസെടുത്തത്. സന പഠിച്ചിരുന്ന കോളജിലെ സീനിയർ വിദ്യാർത്ഥിയാണ് റഫാസ്. നിലവിൽ ഇയാൾ ഒളിവിലാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബിബിഎ വിദ്യാർത്ഥിനിയായിരുന്നു സന പർവീൺ ജീവനൊടുക്കിയത്. ബെംഗളൂരുവിൽ മലയാളി മാനേജ്മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് സന. മകളുടെ മരണത്തിന് കാരണക്കാരൻ റഫാസ് ആണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് പർവീണാണ് പൊലീസിൽ പരാതി നൽകിയത്.
ബെംഗളൂരുവിലെ കോളേജിൽ സനയുടെ സീനിയർ വിദ്യാർത്ഥിയായിരുന്നു റഫാസ്. സനയെ റഫാസ് നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നുവെന്നും ഇതാണ് മകൾ ജീവനൊടുക്കാൻ കാരണമെന്നുമാണ് പർവീണിൻ്റെ പരാതിയിൽ പറയുന്നത്. റഫാസ് പിന്തുടർന്ന് ശല്യപ്പെടുത്തുന്ന കാര്യം പർവീൺ നേരത്തെ മലയാളി മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കോളേജ് അധികൃതരേയും അറിയിച്ചിരുന്നു. കോളേജ് അധികതർ റഫാസിനെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു.
എന്നാൽ അതിലൊന്നും റഫാസ് പിന്മാറിയില്ല. ഇയാൾ സനയെ ശല്യം ചെയ്യുന്നത് തുടരുകയും ഇതോടെ മകൾ കോളേജ് ഹോസ്റ്റലിലെ മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നുമാണ് പർവീൺ ആരോപിക്കുന്നത്. അതേസമയം സനയുടെ ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല. പരാതിയിൽ ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തതിന് പിന്നാലെ റഫാസ് ഒളിവിൽ പോയി. റഫാസിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
















