തേനി: ശക്തമായ മഴ തുടരുന്നതിനിടെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകൾക്ക് പ്രളയ മുന്നറിയിപ്പ്.
തേനി, മഥുര, രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗ തുടങ്ങിയ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മഴ കനക്കുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
71 അടിയാണ് വൈഗ അണക്കെട്ടി പരമാവധി സംവരണശേഷി. ഇപ്പോൾ ഡാമിലെ ജലനിരപ്പ് 67 അടി പിന്നിട്ടിരിക്കുകയാണ്. മുല്ലപ്പെരിയാറിൽ നിന്ന് 1400 ഘനയടി വെള്ളവും ഒഴുകിയെത്തുന്നുണ്ട്.
തേനി ജില്ലയിൽ വെള്ളിയാഴ്ച മുതൽ കനത്ത മഴ തുടരുന്നുണ്ട്. ഒക്ടോബർ 23നും 25നും ഇടയിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
















