കർണാടക മന്ത്രി പ്രിയങ്ക് ഖർഗെയുടെ മണ്ഡലമായ കലബുറഗിയിലെ ചിത്താപുരയിൽ നടത്താനിരുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്‌എസ്) റൂട്ട് മാർച്ചിന് തഹസിൽദാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന്, റൂട്ട് മാർച്ച് നടത്താൻ പുതിയ അപേക്ഷ നൽകണമെന്ന് കർണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ആർഎസ്‌എസിനോട് നിർദ്ദേശിച്ചു. പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ചടങ്ങുകൾ നടത്താൻ മൂന്ന് ദിവസം മുൻപ് അനുമതി തേടണമെന്ന നിയമം കർശനമാക്കിയ സാഹചര്യത്തിലാണ് ചിത്താപുര തഹസിൽദാർ കഴിഞ്ഞദിവസം നടത്താനിരുന്ന റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചത്.
ആർഎസ്‌എസ് മാർച്ചിന് സമാന്തരമായി ഭീം ആർമിയും ഇന്ത്യൻ ദലിത് പാന്തേഴ്സും അതേ ദിവസം, അതേ റൂട്ടിൽ മാർച്ച് നടത്താൻ അനുമതി തേടിയിരുന്നു. ഇതേത്തുടർന്ന്, ആർഎസ്‌എസ്, ഭീം ആർമി, ഇന്ത്യൻ ദലിത് പാന്തേഴ്സ് എന്നിവ ഒരേ സ്ഥലത്തുകൂടി മാർച്ച് നടത്തിയാൽ അത് സംഘർഷത്തിൽ കലാശിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തഹസിൽദാർ അനുമതി നിഷേധിച്ചത്. മന്ത്രി പ്രിയങ്ക് ഖർഗെയുടെ പ്രസ്താവനയ്ക്ക് എതിരായി മനഃപൂർവം നടത്തുന്നതാണ് ആർഎസ്‌എസിന്റെ റാലിയെന്നാണ് ഭീം ആർമി സ്റ്റേറ്റ് യൂത്ത് വിങ് കലബുറഗി ഘടകം കത്തിലൂടെ അറിയിച്ചിരുന്നത്. അതേ റൂട്ടിൽ മാർച്ച് നടത്താൻ തങ്ങളെയും ഇന്ത്യൻ ദലിത് പാന്തേഴ്സിനെയും അനുവദിക്കണമെന്നും അവർ അപേക്ഷിച്ചിരുന്നു.
തഹസിൽദാറുടെ ഉത്തരവിനെതിരെ ആർഎസ്‌എസ് നൽകിയ ഹർജി പരിഗണിച്ചാണ് കർണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പുതിയ നിർദ്ദേശം നൽകിയത്. നവംബർ 2-ന് ചിത്താപുരയിൽ റൂട്ട് മാർച്ച് നടത്തുന്നതിനായി പുതിയ അപേക്ഷ സമർപ്പിക്കാനാണ് കോടതി ആർഎസ്‌എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് അധികൃതർ നിയമപ്രകാരം ഉചിതമായ തീരുമാനമെടുക്കേണ്ടിവരും.
പൊതുസ്ഥലങ്ങളിൽ ആർഎസ്‌എസ് ശാഖകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയതോടെയാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ തന്നെ റൂട്ട് മാർച്ച് നടത്താൻ ആർഎസ്‌എസ് നീക്കം തുടങ്ങിയത്. ഈ നീക്കം രാഷ്ട്രീയപരമായ വെല്ലുവിളിയായിട്ടാണ് നിരീക്ഷകർ വിലയിരുത്തുന്നത്. നേരത്തെ പ്രിയങ്ക് ഖർഗെയ്ക്കെതിരെ ആർഎസ്‌എസ് പ്രവർത്തകന്റെ ഭീഷണിയുണ്ടായതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
റൂട്ട് മാർച്ചിന് അനുമതി തേടുന്നതിനു മുൻപ് സ്ഥാപിച്ചുവെന്ന് അധികൃതർ പറയുന്ന ആർഎസ്‌എസിന്റെ ബാനറുകളും കട്ട്‌ഔട്ടുകളും മറ്റും പ്രധാന റോഡിന്റെ വശങ്ങളിൽനിന്ന് ചിത്താപുര ടൗൺ മുനിസിപ്പൽ കോർപറേഷൻ അധികൃതർ ശനിയാഴ്ച പോലീസ് സംരക്ഷണത്തിൽ നീക്കിയിരുന്നു. ഇത് സംഘാടകർക്ക് തിരിച്ചടിയായി. നവംബർ 2-ലെ പുതിയ അപേക്ഷയിൽ അധികൃതർ എന്ത് നിലപാടെടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
















