അട്ടപ്പാടിയില്‍ ഉള്‍വനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആദിവാസി സ്ത്രീയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഇലച്ചിവഴി ആഞ്ചക്കൊമ്പ് ഉന്നതിയിലെ വളളിയമ്മ കൊല്ലപ്പെട്ടത് തലയോട്ടി പൊട്ടിയാണ് എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നെറ്റിക്ക് മുകളില്‍ തലയോട്ടിയില്‍ ഏറ്റ പൊട്ടലാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
വിറകുകൊളളി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് പങ്കാളിയായ പഴനി സമ്മതിച്ചിരുന്നു. വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മരണം ഉറപ്പാക്കിയശേഷം ഭാഗികമായി അന്നുതന്നെ കുഴികുത്തി മൂടി. രണ്ടുദിവസത്തിനുശേഷം തൂമ്പയുമായെത്തി തൊട്ടടുത്ത് മറ്റൊരു കുഴിയെടുത്ത് മൂടിയെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
ഇന്നലെയാണ് ഉള്‍വനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ വളളിയമ്മയുടെ മൃതദേഹം പുറത്തെടുത്തത്. പുതൂര്‍ പൊലീസും വനംവകുപ്പും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ വളളിയമ്മയുടെ പങ്കാളിയായ പഴനിയെ പുതൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് വളളിയമ്മയെ കൊലപ്പെടുത്തിയതെന്നാണ് പഴനി പൊലീസിന് നല്‍കിയ മൊഴി
















