കഴക്കൂട്ടം ടെക്നോപാർക്ക് ജീവനക്കാരിയെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് പിടികൂടിയത് മധുര സ്വദേശി ബെഞ്ചമിനെ. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണ ശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
സംഭവത്തിനു പിന്നാലെ ആറ്റിങ്ങലിലേക്കു പോയ പ്രതി അവിടെ നിന്നു മധുരയ്ക്കു കടക്കുകയായിരുന്നു.
മധുരയിൽനിന്നു തിരുവനന്തപുരത്തേക്കു സ്വന്തം ലോറിയിൽ ലോഡുമായി മിക്കപ്പോഴും എത്തുന്നയാളാണു പ്രതി. തോന്നയ്ക്കലിലുള്ള ഗാരിജിലേക്കു സാധനങ്ങളുമായി വന്ന പ്രതി കഴക്കൂട്ടത്താണു തങ്ങിയത്. റോഡരികിൽ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സർവീസ് റോഡിനു സമീപത്തുകൂടി നടക്കുമ്പോഴാണ് ഹോസ്റ്റൽ മുറിയിൽ വെളിച്ചം കണ്ടത്.
വെള്ളിയാഴ്ച ജോലി കഴിഞ്ഞ് കഴക്കൂട്ടത്തെ ഹോസ്റ്റലിൽ എത്തി ഉറങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ഞെട്ടി ഉണർന്ന് ബഹളം വച്ചപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. പുലർച്ചെ വരെ പരിസരത്തു തന്നെ കറങ്ങിനടന്നതിനു ശേഷമാണ് പ്രതി ആറ്റിങ്ങലിലേക്കു കടന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു കണ്ടെത്തിയിരുന്നു.
സമീപത്തെ എടിഎം കൗണ്ടറിലെ നിരീക്ഷണ ക്യാമറയിൽ നിന്നാണ് പ്രതിയുടെ ദൃശ്യം പൊലീസിനു ലഭിച്ചത്. ഇന്ന് പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുമെന്നാണു വിവരം. പ്രതി സ്ഥിരം മോഷണങ്ങൾ നടത്തുന്ന ആളാണെന്നും തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്ന പതിവുമുണ്ടെന്നു പൊലീസ് പറഞ്ഞു
















