ശുഭ്മൻ ഗില്ലിന്റെ ഇന്ത്യൻ ഏകദിന നായകനെന്ന അരങ്ങേറ്റം പരാജയത്തിൽ. ഓസ്ട്രേലിയക്കെതിരെ മഴ തടസ്സപ്പെടുത്തിയ ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യൻ ടീം വരുത്തിയ പിഴവുകളാണ് തോൽവിക്ക് കാരണമായത്. ഏറ്റവും കൂടുതൽ വിമർശനമുയർന്നത് ടീം സെലക്ഷനെതിരെയാണ്. സ്ഥിരം വിക്കറ്റ് വേട്ടക്കാരനായ കുൽദീപ് യാദവിനെ പുറത്തിരുത്തി ബാറ്റിംഗ് ഡെപ്ത് ലക്ഷ്യമിട്ട് വാഷിംഗ്ടൺ സുന്ദറിന് അവസരം നൽകിയ മാനേജ്‌മെന്റ് തീരുമാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ഇന്ത്യൻ ബൗളിംഗ് യൂണിറ്റിനെതിരെ രൂക്ഷമായ വിമർശനമുയർത്തി. ടീം അമിതമായി പാർട്ട് ടൈം ബൗളർമാരെ ആശ്രയിക്കുന്നതിനെയാണ് അദ്ദേഹം വിമർശിച്ചത്. “എല്ലാ വിജയങ്ങളും ജസ്പ്രീത് ബുംറയിലും മുഹമ്മദ് ഷമിയിലും മാത്രം ഒതുങ്ങാൻ കഴിയില്ല. ടീമിൽ ധാരാളം പാർട്ട് ടൈം ബൗളിംഗ് ഓപ്ഷനുകളുണ്ടായിരുന്നു,” കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
നിതീഷ് കുമാർ റെഡ്ഡി ഒരു “പൂർണ്ണനായ ബൗളർ അല്ല” എന്ന് വിശേഷിപ്പിച്ച കൈഫ്, മറ്റ് ബൗളർമാർക്ക് പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാൻ കഴിഞ്ഞില്ലെന്നും അഭിപ്രായപ്പെട്ടു. “നിതീഷ് റെഡ്ഡി ഒരു പൂർണ്ണ ബൗളറല്ല, ഈ പിച്ചിൽ സുന്ദറിനും സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. ഹർഷിത് റാണയും നിരാശപ്പെടുത്തി. കുറഞ്ഞ സ്കോറാണെങ്കിൽ പോലും കളി തിരിച്ചുപിടിക്കാൻ ബൗളർമാർക്ക് അവസരമുണ്ടായിരുന്നു. പക്ഷേ അവർ എപ്പോഴാണ് ആ ഉത്തരവാദിത്തം ഏറ്റെടുക്കുക?” അദ്ദേഹം ചോദിച്ചു.
കുൽദീപ് യാദവിനെ കളിപ്പിക്കാനുള്ള ശുഭ്മൻ ഗില്ലിന്റെ തന്ത്രപരമായ തീരുമാനത്തെയും കൈഫ് വിമർശിച്ചു. മാച്ച് വിന്നിംഗ് ബൗളർമാർ ടീമിന് എത്രത്തോളം പ്രധാനമാണെന്ന് ഷെയ്ൻ വോണിന്റെ ഓസ്ട്രേലിയൻ പിച്ചുകളിലെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
“ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിന് ഇതൊരു പരീക്ഷണമായിരുന്നു. വിക്കറ്റ് വീഴ്ത്തുന്നതിൽ കഴിവ് തെളിയിച്ച കുൽദീപിനെ അദ്ദേഹം തിരഞ്ഞെടുത്തതേയില്ല. എല്ലാ കാര്യങ്ങളും കവർ ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രധാന ഘടകം നഷ്ടപ്പെടുത്തി. കുനെമാൻ രണ്ട് വിക്കറ്റ് നേടിയത് കണ്ടിട്ടും കുൽദീപിനെ ഒഴിവാക്കിയതിലൂടെ ഇന്ത്യ ഗുണനിലവാരത്തേക്കാൾ എണ്ണത്തിനാണ് പ്രാധാന്യം നൽകിയത്,” കൈഫ് കൂട്ടിച്ചേർത്തു.
മഴയെത്തുടർന്ന് 26 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന് 136 റൺസ് മാത്രമേ നേടാനായുള്ളൂ. ഡക്ക് വർത്ത്-ലൂയിസ് (DLS) നിയമപ്രകാരം 131 റൺസായി വിജയലക്ഷ്യം പുനഃക്രമീകരിച്ച ഓസ്‌ട്രേലിയ, അത് 21.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യക്കായി കെ എൽ രാഹുൽ (38), അക്‌സർ പട്ടേൽ (31), നിതീഷ് റെഡ്ഡി (19)* എന്നിവരാണ് ചെറുത്തുനിന്നത്. ബൗളിംഗിൽ അർഷ്ദീപ് സിംഗ്, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
















