ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന ജി.സുധാകരനെ നേരിൽ കാണുമെന്ന് മന്ത്രി സജി ചെറിയാൻ. പ്രശ്നങ്ങൾ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണ്.
തന്നെ വിമർശിക്കാനുള്ള അവകാശം സുധാകരനുണ്ട്. സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി, ബി.ജെ.പി പരിപാടികളിൽ പങ്കെടുക്കേണ്ടതില്ല എന്നതാണ് പാർട്ടി നിലപാടെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞങ്ങളേക്കാൾ കടുത്ത പാർട്ടിക്കാരനാണ് സുധാകരൻ. അദ്ദേഹത്തെ പാർട്ടിക്കെതിരായി ചിത്രീകരിച്ചത് മാധ്യമങ്ങളാണ്. മരണം വരെയും അദ്ദേഹം സിപിഎമ്മിനോടൊപ്പം കാണും. പാർട്ടിയുമായി എന്തേലും അസ്വാരസ്യങ്ങളുണ്ടെങ്കിൽ നേരിൽ പോയി സംസാരിക്കാൻ തയ്യാറാണ്. പ്രായപരിധി കാരണം പഴയത് പോലെ സംഘടനാ പരിപാടികളിൽ പങ്കെടുക്കാനാവില്ല എന്നത് മാത്രമാണ് പ്രശ്നം. എന്നാൽ സാംസ്കാരികമായ പരിപാടികളിൽ ഇനിയും അദ്ദേഹത്തെ ഉപയോഗപ്പെടുത്താനുണ്ട്.’ മന്ത്രി പറഞ്ഞു.
















