യെമൻ തീരത്ത് ചെങ്കടലിന് സമീപം പാചകവാതകവുമായി പോയ കാമറൂൺ കപ്പലിൽ വൻ സ്ഫോടനവും തുടർന്ന് തീപിടിത്തവും ഉണ്ടായി. എംവി ഫാൽക്കൺ എന്ന് പേരുള്ള ഈ എൽപിജി ടാങ്കറിലെ 23 ഇന്ത്യക്കാർ ഉൾപ്പെടെ 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യൂറോപ്യൻ യൂണിയൻ നാവികസേനയുടെ ഓപ്പറേഷൻ ആസ്പൈഡ്സ് (EUNAVFOR ASPIDES) അറിയിച്ചു. എന്നാൽ, ആകെ 26 ജീവനക്കാർ ഉണ്ടായിരുന്നതിൽ രണ്ട് പേരെ ഇപ്പോഴും കാണാനില്ല.
ഒമാനിലെ സോഹർ തുറമുഖത്തുനിന്ന് ജിബൂത്തിയിലേക്ക് പോവുകയായിരുന്ന കപ്പലിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ അപകടം നടന്നത്. ഏഡൻ തുറമുഖത്തുനിന്ന് ഏകദേശം 113 നോട്ടിക്കൽ മൈൽ തെക്ക്-കിഴക്കായിട്ടായിരുന്നു ഈ സമയം കപ്പലിന്റെ സ്ഥാനം. സ്ഫോടനത്തെ തുടർന്ന് കപ്പൽ നിയന്ത്രണം വിട്ട് ഒഴുകിനടക്കുകയും കപ്പലിന്റെ 15 ശതമാനത്തോളം ഭാഗം തീ പിടിക്കുകയും ചെയ്തു.
അപകടത്തെ തുടർന്ന് കപ്പലിന്റെ ക്യാപ്റ്റൻ നൽകിയ അടിയന്തര സന്ദേശത്തെത്തുടർന്ന് യൂറോപ്യൻ യൂണിയൻ നാവികസേനയുടെ ആസ്പൈഡ്‌സ് ഓപ്പറേഷൻ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിനായി എത്തിയ കപ്പലുകളിലൊന്ന് 24 ജീവനക്കാരെ (23 ഇന്ത്യക്കാരും 1 യുക്രെയ്ൻ പൗരനും) സുരക്ഷിതമായി രക്ഷപ്പെടുത്തി ജിബൂത്തി കോസ്റ്റ് ഗാർഡിന് കൈമാറി. മറ്റ് രണ്ട് ജീവനക്കാർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കൂടുതൽ സ്ഫോടന സാധ്യതകൾ നിലനിന്നിരുന്നതിനാൽ, പൂർണ്ണമായും എൽപിജി നിറച്ച കപ്പലിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ സമീപത്തുള്ള മറ്റ് കപ്പലുകൾക്ക് ആസ്പൈഡ്‌സ് മുന്നറിയിപ്പ് നൽകിയിരുന്നു. തീയണക്കാൻ ആദ്യ ശ്രമങ്ങൾ വിജയിക്കാത്തതിനെത്തുടർന്ന് ജീവനക്കാർ കപ്പൽ ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് രക്ഷാപ്രവർത്തകരെത്തിയത്. നിലവിൽ, കേടുപാടുകൾ സംഭവിച്ച കപ്പലിന്റെ കസ്റ്റഡി ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയിരിക്കുകയാണ്.
ചെങ്കടൽ മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണം ശക്തമായിരിക്കുന്ന സമയത്താണ് ഈ സംഭവം എന്നത് ആശങ്കയുയർത്തുന്നു. എന്നിരുന്നാലും, സ്ഫോടനത്തിന് പിന്നിൽ മറ്റു കാരണങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം. കപ്പലിന് നേരെ മിസൈൽ ആക്രമണമോ ഡ്രോൺ ആക്രമണമോ നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് ബ്രിട്ടിഷ് സുരക്ഷാ സ്ഥാപനമായ ആംബ്രിയും മറ്റ് സമുദ്ര സുരക്ഷാ വൃത്തങ്ങളും അറിയിച്ചു. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഹൂതി വിമതരും വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണ്.
















