ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ദിവസവും ഉപയോഗിക്കുന്ന നിരവധി പ്രമുഖ വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും തിങ്കളാഴ്ച നിശ്ചലമായി. സ്നാപ്ചാറ്റ് , കാൻവ, സിഗ്നൽ , പെർപ്ലെക്സിറ്റി , ഡ്യുവോലിംഗോ , ഓപ്പൺ എ.ഐ തുടങ്ങിയ സേവനങ്ങളെയാണ് പ്രധാനമായും തടസ്സം ബാധിച്ചത്. ഈ സേവനങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കിയ ഈ പ്രശ്നം ആമസോൺ വെബ് സർവീസസിലെ (AWS) തകരാറുമായി ബന്ധിപ്പിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആഗോളതലത്തിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങൾ നൽകുന്ന ഏറ്റവും വലിയ ദാതാക്കളിലൊന്നാണ് AWS. നിരവധി കമ്പനികൾ അവരുടെ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കുന്നതിനായി AWS-ന്റെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് AWS പുറത്തുവിട്ട ഹ്രസ്വ അറിയിപ്പിൽ, തങ്ങളുടെ പല സർവീസുകളിലും “വർധിച്ച എറർ നിരക്കുകളും” കാലതാമസവും നേരിടുന്നതായി സ്ഥിരീകരിച്ചു.
നോർത്ത് വിർജീനിയയിലെ AWS-ന്റെ ഡാറ്റാ സെന്ററുകളിലാണ് പ്രശ്നങ്ങൾ നേരിട്ടതെന്നും ഇത് ആമസോൺ ഡൈനാമോഡി.ബി , ആമസോൺ ഇലാസ്റ്റിക് കമ്പ്യൂട്ട് ക്ലൗഡ് പോലുള്ള പ്രധാന സേവനങ്ങളെ ബാധിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. മറ്റ് കമ്പനികൾക്ക് അവരുടെ ഡാറ്റ സംഭരിക്കുന്നതിനും പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിപ്പിക്കുന്നതിന് കമ്പ്യൂട്ടറുകൾ വാടകയ്ക്ക് എടുക്കുന്നതിനും സൗകര്യമൊരുക്കുന്ന സേവനങ്ങളാണിവ. ഈ പ്രധാന സേവനങ്ങളിലെ തകരാറാണ് ഇത്രയധികം ആപ്ലിക്കേഷനുകളുടെ പ്രവർത്തനത്തെ ബാധിച്ചത്.
ഔട്ടേജ് റിപ്പോർട്ട് ചെയ്യുന്ന വെബ്സൈറ്റായ ‘ഡൗൺ ഡിറ്റക്ടർ’ അനുസരിച്ച്, ആമസോൺ, പ്രൈം വീഡിയോ , സ്പോട്ടിഫൈ , ക്ലോഡ് , കോയിൻബേസ് , സൂം , റെഡ്ഡിറ്റ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ സേവനങ്ങളും തകരാറിലായി. തങ്ങളുടെ സേവനങ്ങളിലെ തടസ്സം AWS-ലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ചായ കോയിൻബേസ് ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സാമ്പത്തിക, സാമൂഹിക, ആശയവിനിമയ മേഖലകളിലെ പ്രവർത്തനങ്ങളെ ഈ ക്ലൗഡ് സേവന തകരാർ കാര്യമായി ബാധിച്ചു.
















