അഹമ്മദാബാദ്: പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് വരാനായി പോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മായിയമ്മ പിടിയിൽ. ഗുജറാത്തിലെ അഹമ്മദാബാദിൽ മരുമകൻ ക്രൂര മർദനത്തിനിരയായി മരിച്ച സംഭവത്തിലാണ് ഭാര്യയുടെ അമ്മ അറസ്റ്റിലായത്. സംഭവത്തിൽ ഡിന ജഗ്ദീഷ് വേഗ്ദയെ ആണ് പോലീസ് പിടികൂടിയത്.
തലയ്ക്ക് അടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 27 വയസുകാരനായ പർവേശ് ലാൽജി തട്വി ശനിയാഴ്ചയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആണ് മരിച്ചത്. ഇതേത്തുടർന്നായിരുന്നു യുവാവിനെ ഭാര്യാമാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച പർവേശ് ലാൽജി തട്വി ചൂതാട്ടം, മർദ്ദനം അടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പർവേഷിൻറെ ഉപദ്രവവും ഗാർഹിക പീഡനവും കാരണം പൊറുതിമുട്ടി സ്വന്തം വീട്ടിൽ വന്നുനിൽക്കുകയായിരുന്നു ഡിനയുടെ മകൾ . ഇതിനിടെ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് പോകാനായി പർവേശ് വെള്ളിയാഴ്ച രാത്രി ഡിനയുടെ വീട്ടിലെത്തി. തുടർന്ന് തനിക്കൊപ്പം തന്റെ ഭാര്യയെ അയക്കണമെന്ന് ആവശ്യപ്പെട്ട് പർവേശ് ബഹളമുണ്ടാക്കി. വാക്കുതർക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്.
പർവേശ് ഭാര്യയേയും ഭാര്യാമാതാവിനേയും ആക്രമിച്ചു. ആക്രമണത്തിൽ നിന്നും രക്ഷപെടാനായി ഡിന മരുമകന്റെ തലയിൽ കല്ലെടുത്ത് അടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് നിലത്തുവീണ പർവേശിനെ ഇവർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതും.
















