ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്ന കേരള സ്‌കൂള്‍ കായികമേളയില്‍ ആദ്യമായി തീം സോംഗ് പുറത്തിറക്കി. സ്‌കൂള്‍ കായിക മേള ചരിത്രത്തില്‍ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വ്വഹിച്ച് തീം സോംഗ് പുറത്തിറക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്. തിരുവനന്തപുരത്ത് പിആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവകുട്ടിയാണ് തീം സോങ് പുറത്തിറക്കിയത്. പടുത്തുയര്‍ത്താം കായിക ലഹരി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പാലക്കാട് പൊറ്റശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രഫുല്‍ദാസ് വി ആണ്.
കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശിവങ്കരി പി തങ്കച്ചി ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ശിവങ്കരി പി തങ്കച്ചി,നവമി ആര്‍ വിഷ്ണു,അനഘ എസ് നായര്‍,ലയ വില്യം,കീര്‍ത്തന എ.പി,തൈക്കാട് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നന്ദകിഷോര്‍ കെ.ആര്‍,ഹരീഷ്.പി,അഥിത്ത്.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. കൈറ്റ് വിക്ടേഴ്സ് വീഡിയോ പ്രൊഡക്ഷന്‍ ചെയ്ത ഗാനത്തിന്റെ ഗിറ്റാര്‍ സുരേഷ് പരമേശ്വറും കീബോര്‍ഡ് ആന്റ് മിക്‌സിംഗ് രാജീവ് ശിവയുമാണ് നിര്‍വഹിച്ചത്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ്,ഐ.ബി സതീഷ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ഗാനം ഒരുക്കിയ വിദ്യാര്‍ത്ഥികളെ മന്ത്രി പ്രത്യേകം അനുമോദിച്ചു.സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ കൈപ്പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. വിവിധ മത്സര കാറ്റഗറികള്‍,കേരള സ്‌കൂള്‍ കായികമേള അത്ലറ്റിക്സ് മീറ്റ് റെക്കോര്‍ഡുകള്‍,നീന്തല്‍ മീറ്റ് റെക്കോര്‍ഡുകള്‍,ഓഡര്‍ ഓഫ് ഈവന്റ്സ് നീന്തല്‍,വിവിധ സബ് കമ്മിറ്റികളും ചുമതലകളും,കേരള സ്‌കൂള്‍ കായികമേള കലണ്ടര്‍ തുടങ്ങിയവയാണ് കൈപ്പുസ്തകത്തിന്റെ ഉള്ളടക്കം. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ച കഴിഞ്ഞ തവണത്തെ കൊച്ചി കായികമേളയുടെ ഡോക്യുമെന്റും ചടങ്ങില്‍ പ്രകാശനം ചെയ്തു.
മേളയുടെ സംഘാടനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഈ സമഗ്രമായ ഡോക്യുമെന്റ് നാളെയുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ കായിക മത്സരങ്ങളുടെ നടത്തിപ്പിന് മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ മന്ത്രാലയവും മേളയുടെ വിജയകരമായ നടത്തിപ്പിനെ പ്രശംസിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
CONTENT HIGH LIGHTS;Children wrote a song and composed it: It became the theme song for the school sports festival; Minister released it
















