ഇന്ത്യൻ തപാൽ വകുപ്പ് (ഇന്ത്യ പോസ്റ്റ്) ഗവൺമെന്റ് സബ്‌സിഡികൾ വിതരണം ചെയ്യുന്നു എന്ന തരത്തിൽ ചില ലിങ്കുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ലിങ്കുകൾ ഇന്ത്യ പോസ്റ്റിന്റെ ലോഗോയും അടങ്ങിയ വെബ്‌സൈറ്റുകളിലേക്കാണ് നയിക്കുന്നത്. തപാൽ വകുപ്പ് നൽകുന്ന ഒരു ചോദ്യാവലിക്ക് ഉത്തരം നൽകിയാൽ 30,000 രൂപ വരെ സമ്മാനമായി ലഭിക്കുമെന്ന് ഒരു ലിങ്ക് സഹിതം മലയാളത്തിൽ പ്രചരിക്കുന്ന മെസേജിൽ പറയുന്നു.
പ്രചാരണം
‘ഇന്ത്യാ പോസ്റ്റ് ദീപാവലി സബ്‌സിഡികൾ, ഓരോ പൗരനും ആസ്വദിക്കാം ദീപാവലി’- എന്ന എഴുത്തോടെയാണ് ലിങ്ക് വാട്‌സ്ആപ്പിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. ഈ മെസേജിനൊപ്പം പോസ്റ്റൽ വകുപ്പിൻറെ ലോഗോയും കാണാം..
പ്രചരിക്കുന്ന ചില ലിങ്കുകൾ തുറന്നാൽ കുറച്ച് ചോദ്യങ്ങളാണ് കാണാൻ സാധിക്കുന്നത്. ഗവൺമെന്റ് സബ്‌സിഡി ഇനത്തിലുള്ള തുക ലഭിക്കാനായി ഇവയ്ക്ക് ഉത്തരം നൽകാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ, മറ്റു ചില ലിങ്കുകൾ തുറക്കുമ്പോൾ നറുക്കെടുപ്പിനുള്ള സൈറ്റിലേക്കാണ് എത്തുന്നത്. തപാൽ വകുപ്പിന്റെ 170-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന നറുക്കെടുപ്പാണ് ഇതെന്ന വിവരമാണ് പ്രസ്തുത സൈറ്റുകളിൽ നൽകിയിട്ടുള്ളത്.
ഇന്ത്യാ പോസ്റ്റിൻറേത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്ന ലിങ്കിൽ പ്രവേശിക്കുമ്പോൾ കാണാനാകുന്നത് ഇങ്ങനെയാണ്…
‘അഭിനന്ദനങ്ങൾ! India Post ദീപാവലി സബ്‌സിഡികൾ. ചോദ്യാവലി വഴി, നിങ്ങൾക്ക് ₹30,000.00 ലഭിക്കാൻ അവസരം ലഭിക്കും’. നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ പണം നേടാമെന്നാണ് പറയുന്നത്. വിശ്വസനീയത തോന്നിക്കാൻ, സമ്മാനം ലഭിച്ചവരുടെ പ്രതികരണം എന്ന പേരിൽ നിരവധി കമൻറുകളും ഈ വെബ്‌സൈറ്റിൽ ചേർത്തിട്ടുള്ളതായി കാണാം. എന്നാൽ കമൻറുകൾ മലയാളത്തിലാണെങ്കിലും കമൻറിട്ടവരുടേതായി കാണുന്ന പല പേരുകളും മലയാളികളുടേതല്ല.
അന്വേഷണം
ഇന്ത്യൻ സർക്കാർ സംവിധാനങ്ങൾ സാധാരണ ഉപയോ?ഗിക്കുന്നത് ‘.gov.in’, ‘.nic.in’ പോലുള്ള ഡൊമൈയ്‌നുകളാണ്. എന്നാൽ, പ്രചരിക്കുന്ന ലിങ്കുകളെല്ലാം ‘.top’ ഡൊമൈയ്‌നിൽ ഉള്ളവയാണ്. തുടർന്നുള്ള അന്വേഷണത്തിൽ, പ്രചരിക്കുന്ന ലിങ്കുകൾക്ക് യഥാർത്ഥ തപാൽ വകുപ്പ് വെബ്‌സൈറ്റിന്റെ ലിങ്കുമായി സാമ്യമില്ല എന്ന് കണ്ടെത്തി.
തപാൽ വകുപ്പിന്റെ ലിങ്ക്: https://www.indiapost.gov.in/
വിശദവിവരങ്ങൾക്കായി ഇന്ത്യ പോസ്റ്റിന്റെ വെബ്‌സൈറ്റ് പരിശോധിച്ചു. അതിൽ, തപാൽ വകുപ്പിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സബ്സിഡികൾ, ബോണസ് അല്ലെങ്കിൽ സർവ്വേകളുടെ അടിസ്ഥാനത്തിൽ സമ്മാനങ്ങൾ പ്രഖ്യാപിക്കുന്ന പദ്ധതികൾ എന്നിവയുമായി ഇന്ത്യ പോസ്റ്റിന് ബന്ധമില്ല എന്നവർ മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം വ്യാജസന്ദേശങ്ങൾ വിശ്വസിക്കുകയോ ഇതിനോട് പ്രതികരിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യ വിവരങ്ങൾ അതിൽ പങ്കുവയ്ക്കുകയോ ചെയ്യരുത് എന്ന് നിർദ്ദേശിക്കുന്നു. ഇത്തരം സന്ദേശങ്ങളോട് പ്രതികരിച്ചതുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങൾ ഉണ്ടായാൽ ഇന്ത്യ പോസ്റ്റ് ബാധ്യസ്ഥരായിരിക്കില്ല എന്നും അവർ വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല, തപാൽ വകുപ്പിൻറെ പേരിൽ ഈ ദീപാവലിക്ക് മാത്രമല്ല, മുമ്പും ഇത്തരത്തിൽ സബ്‌സിഡികൾ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു എന്നും പരിശോധനയിൽ ബോധ്യപ്പെട്ടു. ഇതുസംബന്ധിച്ച് തപാൽ വകുപ്പ് പൊതുജനങ്ങൾക്ക് മുമ്പ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. 2022-ൽ പോസ്റ്റൽ വകുപ്പും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും നൽകിയ മുന്നറിയിപ്പ് സന്ദേശങ്ങൾ ചുവടെ കാണാം. ഇക്കാര്യങ്ങളെല്ലാം ഇപ്പോൾ ഫോർവേഡ് ചെയ്യപ്പെടുന്ന വാട്‌സ്ആപ്പ് സന്ദേശം വ്യാജമാണെന്ന് തെളിയിക്കുന്നതാണ്.
















