ദുബായ്: യുഎഇയിൽ ശക്തമായ മഴ. ഫുജൈറയിലെ മസാഫിയിൽ റോഡുകളിലേക്ക് പാറകൾ ഇടിഞ്ഞുവീണു. ഇത് അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു. ഈ മേഖലയിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത്, മലയോര പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും ജാഗ്രത പാലിക്കാനും അധികൃതർ നിർദേശം നൽകി. കനത്ത മഴ ലഭിക്കുന്ന സമയങ്ങളിൽ മണ്ണിടിച്ചിലും പാറ വീഴ്ചയും ഇത്തരം പ്രദേശങ്ങളിൽ കൂടുതലായി ഉണ്ടാകാൻ സാധ്യത ഉണ്ട്.
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ മലയോര റോഡിൽ കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ വാഹനങ്ങൾ അതീവ ശ്രദ്ധയോടെ കടന്നുപോകുന്ന ദൃശ്യങ്ങൾ കാണാം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മസാഫി പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടതിനെ തുടർന്ന് രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ കാലാവസ്ഥാ വകുപ്പ് അപകടകരമായ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മഴ ആസ്വദിക്കുന്ന താമസക്കാരുടെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. മഴവെള്ളം പാറക്കെട്ടുകളിലൂടെ ചെറിയ വെള്ളച്ചാട്ടങ്ങളായി താഴേക്ക് പതിക്കുകയും റോഡരികിലൂടെ അരുവികൾ രൂപപ്പെടുകയും ചെയ്യുന്നത് ചില വിഡിയോകളിൽ കാണാം. മഞ്ഞ, ഓറഞ്ച് മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഔട്ട്‌ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കാനും അധികൃതരുടെ എല്ലാ നിർദ്ദേശങ്ങളും പിന്തുടരാനും നിർദേശമുണ്ട്.
കൂടുതൽ മഴ, താപനിലയിൽ കുറവ്
യുഎഇയിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴയും കാറ്റുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. വേനൽക്കാലത്തിൽ നിന്ന് ശൈത്യകാലത്തേക്കുള്ള മാറ്റത്തിന്റെ ഭാഗമായി മേഖലയിൽ അസ്ഥിരമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ഇന്നും നാളെയും റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
അന്തരീക്ഷ താപനിലയിൽ കാര്യമായ കുറവുണ്ടായത് താമസക്കാർക്ക് ആശ്വാസം നൽകിയിട്ടുണ്ട്. ഒക്ടോബർ 21 മുതൽ യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം മഴയ്ക്ക് കാരണമാകും. ഏകദേശം ഒരാഴ്ച മുൻപ് അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണം.
അടുത്തയാഴ്ച അബുദാബിയിലും ദുബായിലും അന്തരീക്ഷ ഈർപ്പം (ഹ്യുമിഡിറ്റി) 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. മഴ ലഭിക്കുമെങ്കിലും പകൽ താപനില ഉയർന്നുതന്നെയിരിക്കും. ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അബു ദാബിയിലെ (അൽ ദഫ്ര മേഖല) അബു ഖുറൈനിൽ 38.3°സെൽഷ്യസ് ആയിരുന്നു. പകൽ താപനില 30 ഡിഗ്രി സെൽഷ്യസിന്റെ ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത. അബുദാബിയിലും ദുബായിലും 37°സെൽഷ്യസ് വരെ താപനില ഉയരും.
















