ക്രിസ്മസ് കാലത്ത് പുൽക്കൂട് പോലെ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് ക്രിസ്മസ് മരം. തോരണങ്ങളും അലങ്കാരങ്ങളും കൊണ്ട് നിറച്ച ക്രിസ്മസ് മരം കാണാൻ തന്നെ ചേലാണ്. അൽപ്പം മിനുക്ക് പണിക്കായി ബലൂണുകളും സമ്മാനങ്ങളും അതിൽ തൂക്കുന്നു. ക്രിസ്മസിന് മാത്രം ഡിമാന്റ് ഉള്ള സ്പ്രൂസ് മരങ്ങൾ അത്ര നിസ്സാരക്കാരല്ല. നോർവേ സ്പ്രൂസ് മരങ്ങളിൽ സ്വർണമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
മരത്തിന്റെ സൂചി പോലെയുള്ള ഇലകളിൽ സ്വർണകണങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇവ വളരുന്ന ഭൂമിക്കടിയിൽ ഒരു പക്ഷേ വലിയ സ്വർണനിക്ഷേപം ഉണ്ടാകാം എന്നതിലേക്കാണ് കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്. ഫിൻലാൻഡിലെ ഔലു സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞയായ കൈസ ലെഹോസ്മയും സംഘവുമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. നോർവേ സ്പ്രൂസ് മരങ്ങൾ അവയിൽ സ്ഥിരമായി വസിക്കുന്ന ബാക്ടീരിയകളുടെ സഹായത്തോടെ ശരീരത്തിൽ സ്വർണത്തിന്റെ നാനോകണങ്ങളെ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.
എൻഡോഫൈറ്റ്സ്-സിംബയോട്ടിക് സൂക്ഷ്മാണുക്കൾ എന്നാണ് സ്പ്രൂസ് മരങ്ങളിലെ ഈ ബാക്ടീരിയകൾ അറിയപ്പെടുന്നത്. പോഷകങ്ങൾ ആഗിരണം ചെയ്യുക, വളർച്ച ക്രമമാക്കുന്നതിനായി അവ വിതരണം ചെയ്യുക, കേടുപാടുകൾ പരിഹരിക്കുക തുടങ്ങി പ്രവർത്തനങ്ങൾക്കെല്ലാം ഇവ സഹായകമാണ്. ലയിക്കുന്ന തരം സ്വർണ കണികകളെ സ്പ്രൂസ് മരങ്ങളുടെ വേരുകളിലൂടെ വെള്ളത്തിനൊപ്പം വലിച്ചെടുക്കുന്നു. ഈ കണികകളെ ബാക്ടീരിയകൾ വേർതിരിച്ച് ഖര രൂപത്തിലാക്കുകയാണ് ചെയ്യുന്നത്. ജീവജാലങ്ങൾ തങ്ങളുടെ ടിഷ്യുവിനുള്ളിലെ ധാതുക്കളുടെ രൂപീകരണം നിയന്ത്രിക്കുന്ന പ്രക്രിയയായ ബയോമിനറലൈസേഷന്റെ ഒരു രൂപമാണ് ഇത്. സ്പ്രൂസ് മരങ്ങളിലെ എൻഡോഫൈറ്റുകൾ മരം വലിച്ചെടുക്കുന്നവയിലെ വിഷാംശം കുറയ്ക്കുന്നതിന് വേണ്ടിയാവാം കണികകൾ വേർതിരിക്കുന്നത്.
ഇത്തരത്തിൽ വേർതിരിക്കപ്പെടുന്ന സ്വർണ കണികകൾ മരത്തിന്റെ ശിഖരങ്ങളിലേക്കും ഇലകളിലേക്കും സഞ്ചരിച്ച് കേന്ദ്രീകൃതമാകുന്നു. പഠനത്തിനായി, യൂറോപ്പിലെ ഏറ്റവും വലിയ സ്വർണ ഉത്പാദക രാജ്യമായ വടക്കൻ ഫിൻലൻഡിലെ കിറ്റില ഖനിക്ക് സമീപമുള്ള സ്‌പ്രൂസ് മരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. 23 സ്‌പ്രൂസ് മരങ്ങളിൽ നിന്നുള്ള 138 സൂചി ഇല സാംപിളുകൾ പഠന വിധേയമാക്കി. ഇവയിൽ നാല് മരങ്ങളിൽ നിന്നുള്ള ഇലകളിൽ സ്വർണ നാനോകണങ്ങൾ കണ്ടെത്തുകയായിരുന്നു. ചിലയിനം ബാക്ടീരിയകൾ സൃഷ്ടിക്കുന്ന ബയോഫിലിമുകളാൽ സ്വർണ നാനോകണങ്ങൾ ചുറ്റപ്പെട്ടിരുന്നു എന്നതാണ് ബാക്ടീരിയകളുടെ പങ്കിലേക്ക് വെളിച്ചം വീശിയത്.
മരങ്ങളിൽ സ്വർണം ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും അവയുടെ വലുപ്പം അത്രത്തോളം ചെറുതായതിനാൽ വേർതിരിച്ചെടുത്ത് സംഭരിക്കാനാവില്ല എന്ന് ഗവേഷകർ പറയുന്നു. എന്നാൽ സ്പ്രൂസ് മരങ്ങൾ മാത്രമല്ല ഓസ്ട്രേലിയയിലെ യൂക്കാലിപ്റ്റസ് മരങ്ങൾ പോലെയുള്ള ചിലതും ഭൂമിയിൽ നിന്നും സ്വർണ കണികകൾ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നുണ്ട്.
















