സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് അജ്മൽ അമീറിനെതിരേ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ബുള്ളിയിംഗിന് മറുപടിയുമായി നടന്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ശബ്ദത്തില്‍ വന്നിട്ടുള്ള ഓഡിയോ വീഡിയോ ക്ലിപ്പുകള്‍ എ.ഐ. നിര്‍മ്മിതിയാണെന്നും തനിക്ക് സോഷ്യല്‍ മീഡിയ ഹാന്റിലുകളുമായി നേരിട്ട് ബന്ധമില്ലെന്നുമാണ് അജ്മൽ പറയുന്നത്.
വളരെ വികാരാധീനനായാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അജ്മല്‍ അമീര്‍ ആരോപണങ്ങളെ നിഷേധിച്ചത്. തന്റെ കരിയറിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ‘വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും, എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ചുള്ള ശബ്ദസന്ദേശവുമാണ്’ ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇതിലും വലിയ ആരോപണങ്ങളെ താന്‍ മുമ്പ് അതിജീവിച്ച വ്യക്തിയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടാതെ, തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഇനി താന്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്നും താരം അറിയിച്ചു. തെറിവിളികള്‍ക്കിടയിലും ആശ്വാസം നല്‍കിയ സന്ദേശങ്ങളാണ് തനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നല്‍കുന്നതെന്നും, പിന്തുണച്ചവരോട് കടപ്പെട്ടിരിക്കുമെന്നും അജ്മല്‍ വൈകാരികമായി പ്രതികരിച്ചു.
എന്നാല്‍, നടന്റെ ഈ വിശദീകരണം ദുരനുഭവം നേരിട്ടതായി പറയുന്ന പെണ്‍കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്നില്ല. അജ്മല്‍ അമീര്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ കമന്റ് ബോക്സില്‍, കൂടുതല്‍ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയതോടെ വിവാദം കലുഷിതമായി. ‘നടന്‍ തങ്ങള്‍ക്ക് വീഡിയോ കോളുകള്‍ വിളിച്ചതായും, മോശം മെസേജുകള്‍ അയച്ചതായും’ പലരും ആരോപിച്ചു. സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരോടും അജ്മല്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കമന്റുകള്‍ പ്രതിഷേധത്തിന്റെയും വേദനയുടെയും ശബ്ദമായി മാറി, അജ്മലിന്റെ ‘എഐ’ വാദത്തിന്റെ നിജസ്ഥിതിയില്‍ സംശയങ്ങളുയര്‍ത്തുന്നു.
നിലവിലെ അവസ്ഥ എല്ലാ ആരോപണങ്ങളെയും വ്യാജമെന്നും എഐ നിര്‍മ്മിതമെന്നും തള്ളിക്കളയുന്ന നിലപാടില്‍ അജ്മല്‍ അമീര്‍ ഉറച്ചുനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ വാദങ്ങള്‍ എത്രത്തോളം സത്യമാണെന്ന് തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. ‘പ്രണയകാലം’ (2007) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഒരു താരമാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത് എന്ന യാഥാര്‍ത്ഥ്യം സിനിമാ പ്രേമികളില്‍ നിരാശയുളവാക്കിയിട്ടുണ്ട്.
സിനിമാലോകത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ്, മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയനായ നടന്‍ അജ്മല്‍ അമീറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. വാട്സ്ആപ്പ് വീഡിയോ കോളിന്റെ ദൃശ്യങ്ങളും, ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളുടെ ശബ്ദസന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ തീവ്രമായി പ്രചരിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഒരു യുവതിയുമായി നടന്‍ സംസാരിക്കുന്നതായി ആരോപിക്കപ്പെടുന്ന സംഭാഷണത്തില്‍, ‘തന്റെ കല്യാണം കഴിഞ്ഞതല്ലേ’ എന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന്, ‘അതൊന്നും അറിയേണ്ട, താമസസൗകര്യം ഒരുക്കിത്തരാം’ എന്ന് നടന്‍ പറയുന്ന ഭാഗങ്ങള്‍ ആണ് ഏറെ വിവാദം ആയത്.
















