കൊല്ലം കൊട്ടാരക്കര വെളിയം മുട്ടറ മരുതിമലയിൽ നിന്ന് ചാടി പരുക്കേറ്റ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ(14)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരിച്ചത്. പെരിങ്ങനാട് ടിഎംജി എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് ശിവർണ. ശിവർണയ്ക്കൊപ്പം ചാടിയ അടൂര്‍ കടമ്പനാട് സ്വദേശി മീനു അന്നു തന്നെ മരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇരുവരെയും കാണാതായിരുന്നു. ഇവരുടെ സ്‌കൂള്‍ ബാഗുകള്‍ പെരിങ്ങനാട് സ്‌കൂളിന് സമീപത്തുള്ള കടയില്‍നിന്ന് വെള്ളിയാഴ്ചയാണ് ലഭിച്ചിരുന്നു.
പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരും മുട്ടറ മരുതിമലയില്‍ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. സംരക്ഷണവേലിക്കു പുറത്ത് സുരക്ഷിതമല്ലാത്ത സ്ഥലത്തായിരുന്നു രണ്ടു പേരും ഇരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പൂയപ്പള്ളി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും ഇരുവരും താഴേക്ക് ചാടിയിരുന്നു. മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മീനുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. സമുദ്രനിരപ്പില്‍നിന്ന് 1000 അടിയിലധികം ഉയരമുള്ള സ്ഥലമാണ് മുട്ടറ മരുതിമല.
STORY HIGHLIGHT : Student who was undergoing treatment after falling from Maruthimala dies
















