തൃശൂര്‍ വരന്തരപ്പിള്ളിയിലെ കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി പ്രവര്‍ത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് പാര്‍ട്ടി വിട്ടത്. ഈ മാസം പതിനെട്ടാം തിയ്യതിയാണ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കല്ലുങ്ക് സംവാദം നടന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടുള്ള വിയോജിപ്പാണ് ബിജെപി വിടാന്‍ കാരണമെന്നും കലുങ്ക് സംവാദത്തില്‍ അപമാനിച്ചെന്നും പാര്‍ട്ടി വിട്ട പ്രസാദ് പറഞ്ഞു. സംവാദ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്ത ഇവര്‍ പത്തൊമ്പതാം തിയ്യതി കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
കലുങ്കു സംവാദത്തില്‍ ഒരു കുടിവെള്ള പ്രശ്‌നം ഇവര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രശ്‌നം ഇവിടെയല്ല പറയേണ്ടത്, അത് തന്റെ മേഖലയില്‍ വരുന്നതല്ല എന്നുള്ള മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്. തങ്ങളെ അപമാനിക്കുന്ന മറുപടിയാണിത് എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് കുടുംബങ്ങളാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.ബിജെപി ഭരിക്കുന്ന വാര്‍ഡിലാണ് ഇവര്‍ താമസിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് മുന്നേറ്റമുണ്ടാക്കിക്കൊടുത്ത വാര്‍ഡില്‍ നിന്നുള്ള സജീവ പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. കെപിസിസി അംഗമായിട്ടുള്ള നിഖില്‍ ദാമോദരന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് അംഗത്വം നല്‍കിയത്.
STORY HIGHLIGHT : BJP workers who participated in the Kalung samvadam joined Congress
















