രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20നു തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിക്കും. തുടർന്ന് രാജ്ഭവനിലായിരിക്കും താമസം.
നാളെ രാവിലെയാണ് രാഷ്ട്രപതിയുടെ ശബരിമല യാത്ര. നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിൽ രാഷ്ട്രപതി നിലയ്ക്കലിലേക്ക് തിരിക്കും. 10.20ന് നിലയ്ക്കലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തിൽ കെട്ട് നിറച്ച ശേഷം, പ്രത്യേക ഗൂർഖാ ജീപ്പിലാണ് അകമ്പടി വാഹനവ്യൂഹം ഒഴിവാക്കി മലകയറുക.
സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് മലകയറ്റം. ഗവർണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും. പന്ത്രണ്ട് മണിയോടെ സന്നിധാനത്തെത്തുന്ന രാഷ്ട്രപതി ദർശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിക്ക് പമ്പയിലേക്ക് തിരിക്കും. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി പമ്പയിലും സന്നിധാനത്തും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
തീർത്ഥാടകർക്ക് നാളെ നിയന്ത്രണം ഉണ്ടാകും. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ട്രയൽ റൺ ഇന്ന് നടക്കും. തലസ്ഥാനത്തും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന രാഷ്ട്രപതിക്ക് നാളെ വൈകീട്ട് ഗവർണർ രാജ്ഭവനിൽ അത്താഴ വിരുന്നൊരുക്കും. 23ന് രാവിലെ പത്തിന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെആർ നാരായണന്‍റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും.
ഉച്ചയ്ക്ക് പന്ത്രണ്ടിന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു സമാധി ശതാബ്ദി പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് മൂന്നരയോടെ ഹെലികോപ്റ്റർ മാർഗം പാലായിലേക്ക് പോകുന്ന രാഷ്ട്രപതി സെന്‍റ് തോമസ് കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
അന്നേ ദിവസം കുമരകത്ത് തങ്ങുന്ന ദ്രൗപദി മുർമു 24ന് എറണാകുളത്ത് സെന്‍റ് തെരേസാസ് കോളേജിന്‍റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകീട്ട് നാലേ കാലോടെ ദില്ലിക്ക് മടങ്ങും.
















