തീവണ്ടി യാത്രകളിൽ സ്ഥിരമായി വിൽപനയ്ക്കെത്തുന്ന ഒന്നാണ് ആഗ്ര പേഡ (പേട്ട). അധികം ആർക്കും അറിയില്ല, കേരളത്തിൽ സുലഭമായ കുമ്പളങ്ങയാണ് ഇതിലെ പ്രധാന ചേരുവയെന്ന്. കറിവയ്ക്കാൻ ഉപയോഗിക്കുന്നതല്ലാതെ കുമ്പളങ്ങ കൊണ്ടുള്ള മറ്റു വിഭവങ്ങളിലേക്കു നമ്മളിതു വരെ ശ്രദ്ധകൊടുത്തിട്ടില്ല. കുമ്പളങ്ങ കൊണ്ട് ആരെയും കൊതിപ്പിക്കുന്ന ആഗ്ര പേഡ എങ്ങനെയുണ്ടാക്കാം എന്നു നോക്കാം.
ചേരുവകൾ
കുമ്പളങ്ങ – അരക്കിലോ
പഞ്ചസാര– 400 ഗ്രാം
ചുണ്ണാമ്പ് –1/2 ടീസ്പൂൺ
ഏലക്കായ് –3 എണ്ണം
തയ്യാറാക്കുന്ന വിധം
കുമ്പളങ്ങ തൊലി കളഞ്ഞ് വലുപ്പത്തിൽ മുറിച്ചെടുക്കുക. പച്ചനിറം അശേഷം ബാക്കിയുണ്ടാവരുത്. മുറിച്ചു വച്ച കുമ്പള കഷണത്തിൽ ഫോർക്ക് കൊണ്ട് ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക. അരലീറ്റർ വെള്ളത്തിൽ ചുണ്ണാമ്പു കലക്കി 12 മണിക്കൂർ കുമ്പളം മുക്കി വയ്ക്കണം. ചുണ്ണാമ്പുവെള്ളത്തിൽ കിടന്ന കുമ്പളത്തിന് കൂടുതൽ െവള്ളനിറം വരികയും ഉറപ്പു കൂടുകയും ചെയ്യും. പിന്നീട് ഈ കഷണങ്ങൾ പച്ചവെള്ളത്തിൽ നന്നായി കഴുകി ചുണ്ണാമ്പു കളഞ്ഞതിനു ശേഷം അരലീറ്റർ വെള്ളത്തിൽ നന്നായി വേവിക്കുക. വെന്ത് മൃദുവായ കുമ്പളക്കഷണങ്ങൾ പഞ്ചസാരപ്പാനിയിലിട്ടു വയ്ക്കാം. പഞ്ചസാരപ്പാനിയുണ്ടാക്കുമ്പോൾത്തന്നെ ഏലക്കാ ചേർത്തുകൊടുക്കണം. പേഡയ്ക്കു നിറം വേണമെങ്കിൽ കുങ്കുമപ്പൂവോ അംഗീകൃത ഫുഡ് കളറോ ഉപയോഗിക്കാം. മൂന്നോ നാലോ മണിക്കൂർ പഞ്ചസാരപ്പാനിയിൽ മുക്കിവച്ച കുമ്പളക്കഷണങ്ങൾ പുറത്തെടുത്തു വച്ച് കട്ടിയായ ശേഷം ഉപയോഗിക്കാം.
















