യുണൈറ്റഡ് സ്റ്റേറ്റ്സിൽ സാമ്പത്തിക സ്തംഭനം (ഷട്ട്ഡൗൺ) 21-ാം ദിവസത്തിലേക്ക് നീങ്ങി. രാജ്യത്തിന്റെ ഭരണ നിർവഹണത്തിന് ആവശ്യമായ ധനാനുമതി ബിൽ യുഎസ് സെനറ്റിൽ വീണ്ടും പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 11-ാമത്തെ തവണയാണ് ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി കൊണ്ടുവന്ന ബിൽ പരാജയപ്പെടുന്നത്. ഇത് ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ ശമ്പളത്തെയും രാജ്യത്തെ അവശ്യ സേവനങ്ങളെയും ബാധിച്ചു.
ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ധനാനുമതി ബില്ലിന് സെനറ്റിൽ ആവശ്യമായ പിന്തുണ നേടാനായില്ല. 60 വോട്ടുകൾ വേണ്ടിയിരുന്ന ബിൽ 43-നെതിരെ 50 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പാണ് ബിൽ പരാജയപ്പെടാൻ പ്രധാന കാരണം. ആരോഗ്യ പരിരക്ഷാ സബ്സിഡികൾ ഉൾപ്പെടുത്താത്ത ബില്ലിനെതിരെ ഡെമോക്രാറ്റിക് പാർട്ടി ഒറ്റക്കെട്ടായി നിലയുറപ്പിച്ചു. ധനസഹായം ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങളിൽ ഇരുപാർട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടരുന്നതാണ് ഷട്ട്ഡൗണിന് ആക്കം കൂട്ടുന്നത്.
ഭരണ സ്തംഭനത്തെ തുടർന്ന് രാജ്യത്തെ നിരവധി പ്രധാനപ്പെട്ട സർക്കാർ സേവനങ്ങൾ തടസ്സപ്പെട്ടു. സാമൂഹ്യ സുരക്ഷാ ചെലവുകൾ, ആരോഗ്യ പരിചരണ ചെലവുകൾ, വിദ്യാർഥികൾക്കുള്ള സഹായങ്ങൾ തുടങ്ങിയവയെല്ലാം മുടങ്ങിയിട്ടുണ്ട്. അവശ്യസർവീസുകൾ ഒഴികെയുള്ള മിക്ക സർക്കാർ സേവനങ്ങളെല്ലാം താളം തെറ്റി. ശമ്പളം നൽകുന്നതിനും ദൈനംദിന കാര്യങ്ങൾക്കും വകുപ്പുകൾക്ക് പണമില്ലാതായതോടെ ഏഴര ലക്ഷം ഫെഡറൽ ജീവനക്കാർക്ക് ശമ്പള രഹിത നിർബന്ധിത അവധിയെടുക്കേണ്ട അവസ്ഥയാണ്.
ഷട്ട്ഡൗൺ തുടർന്നാൽ കൂടുതൽ പിരിച്ചുവിടലുകൾക്ക് കാരണമാകുമെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആയിരക്കണക്കിന് സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറൽ ജഡ്ജി കഴിഞ്ഞ ദിവസം താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഇതോടെ ജീവനക്കാർക്ക് ഒരു താത്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. എങ്കിലും, പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
















