ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്റ്സും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. എണ്ണയിൽ വറുത്തുകോരിയ ഇഞ്ചി കഷ്ണങ്ങളിലേക്കു വറുത്തരച്ച തേങ്ങാ രുചിയും ചേർന്നു തയാറാക്കുന്ന ഇഞ്ചിതീയൽ ഉണ്ടെങ്കിൽ ഒരു പിടി ചോറ് കൂടുതൽ ഉണ്ടില്ലെങ്കിലാണ് അതിശയം.
ചേരുവകൾ
ഇഞ്ചി – 150 ഗ്രാം
തേങ്ങ – അര മുറി ചിരവിയത്
മുളകുപൊടി- ഒരു ടീസ്പൂൺ
മല്ലിപ്പൊടി – ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കായം – ഒരു ചെറിയ കഷ്ണം
വാളൻപുളി/ പിഴുപ്പുളി – ഒരു നെല്ലിക്കാവലുപ്പത്തിൽ
ശർക്കര – മധുരം താല്പര്യമുള്ളവർക്ക് ആവശ്യാനുസരണം ചേർക്കാം
താളിക്കുന്നതിന്
കടുക് – ഒരു ടീസ്പൂൺ
ഉലുവ – അര ടീസ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽ മുളക് – രണ്ട് എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ്, വെളിച്ചെണ്ണയിൽ വറുത്തു കോരുക. ബാക്കിയുള്ള എണ്ണയിൽ തേങ്ങയും വറുക്കുക, തേങ്ങയിൽ രണ്ടോ മൂന്നോ ചെറിയുള്ളി ചേർക്കാം. ചെറിയുള്ളി ഏതൊരു കറിയുടെയും രുചി വർധിപ്പിക്കും. വറുത്തു വെച്ചിരിക്കുന്ന ഇഞ്ചിയിൽ കുറച്ചു വെള്ളവും ഉപ്പും ചേർത്തു അടുപ്പിൽ വെക്കുക, കൂടെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഒരു ചെറിയ കഷ്ണം കായം എന്നിവയും ചേർക്കാം. വറുത്തെടുത്ത തേങ്ങ, ചൂടാറിയതിനു ശേഷം നല്ലതുപോലെ അരച്ച് ഇഞ്ചിയ്‌ക്കൊപ്പം യോജിപ്പിക്കാം. വാളൻ പുളി പിഴിഞ്ഞതും ശർക്കരയും കൂടി കറിയിൽ ചേർക്കുക. എണ്ണ തെളിയുന്നതുവരെ ചെറുതീയിൽ വച്ചതിനു ശേഷം താളിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഈ ഇഞ്ചിതീയൽ രണ്ടുദിവസം വരെ കേടാകാതെയിരിക്കും.
















