ചേർത്തലയിൽ ഭാഗ്യക്കുറി വില്പനശാലയിൽ 2.16 ലക്ഷം രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റും പതിനായിരം രൂപയും മോഷണം പോയി. ചേർത്തല ദേവീ ക്ഷേത്രത്തിന് തെക്ക് വശം കണിച്ചുകുളങ്ങര പള്ളിക്കാവ് ലത ബാബുവിന്റെ ബ്രദേഴ്സ് ഭാഗ്യക്കുറി വില്പനയശാലയിൽ ആണ് തിങ്കളാഴ്ച മോഷണം നടന്നത്. സമീപത്തെ ഗേറ്റ് ചാടികടന്നാണ് മോഷ്ടാവ് കടയുടെ മതിലിനുള്ളിൽ പ്രവേശിച്ചത്. ശേഷം കടയ്ക്ക് വടക്കു ഭാഗത്തുള്ള ജനൽ പാളി തുറന്ന് കമ്പി അറുത്ത് മാറ്റി ഉള്ളിലുണ്ടായിരുന്ന ഗ്രിൽ തകർത്താണ് അകത്തു കടന്നത്.
തിങ്കളാഴ്ച നറുക്കെടുന്ന ഭാഗ്യധാര, ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി, ബുധനാഴ്ച നടുക്കെടുക്കുന്ന ധനലക്ഷ്മി എന്നിവയുടെ 5143 ഭാഗ്യക്കുറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. കടയിലെയും സമീപത്തെയും സിസിടിവി പരിശോധിച്ചതിൽ കള്ളൻ പുലർച്ചെ 2.45 നാണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ കട തുറക്കാനായി ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടയിലെ ഷെൽഫിൽ കെട്ടുകളായി അടുക്കിവച്ചിരുന്ന ടിക്കറ്റുകളും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്.
ചേർത്തല പൊലീസ് സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് ആലപ്പുഴയിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
















