ഇന്ത്യയിൽ തീവ്ര ഇടതുപക്ഷ തീവ്രവാദം (LWE) അല്ലെങ്കിൽ നക്‌സൽ ഭീഷണി അധികം വൈകാതെ ചരിത്രമാവുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. പോലീസിന്റെയും സുരക്ഷാ സേനയുടെയും അശ്രാന്ത പരിശ്രമം കാരണമാണ് ഈ നേട്ടമെന്നും മന്ത്രി പറഞ്ഞു.
പോലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ചാന്ദ്‌നി ചൗക്കിലുള്ള ദേശീയ പോലീസ് സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നക്‌സലുകൾക്കെതിരായ പോരാട്ടത്തിന്റെ വിജയം അളക്കുന്നത്, ഒരു കാലത്ത് സർക്കാരിനെതിരെ ആയുധമെടുത്ത മാവോയിസ്റ്റുകൾ ഇന്ന് കീഴടങ്ങുകയും വികസനത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്നതിൽ നിന്നാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സുരക്ഷാ സേനയുടെ കഠിനമായ ശ്രമങ്ങളാൽ ഈ പ്രശ്നം ചരിത്രത്തിന്റെ വക്കിലാണെന്നും, എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നിരവധി ജില്ലകൾ നക്സലിസത്തിന്റെ പിടിയിലായിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നും അന്ന് ഗ്രാമങ്ങളിലെ സ്കൂളുകൾ അടച്ചുപൂട്ടുകയും റോഡുകളില്ലാതാവുകയും ആളുകൾ ഭയത്തോടെ ജീവിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. “ഈ പ്രശ്നം ഇനി തുടരാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ ദൃഢനിശ്ചയം ചെയ്തു. ഞങ്ങളുടെ പോലീസും, സി.ആർ.പി.എഫ് (CRPF), ബി.എസ്.എഫ് (BSF), പ്രാദേശിക ഭരണകൂടം എന്നിവ ഏകോപിപ്പിച്ച് സംഘടിതമായി പ്രവർത്തിച്ച രീതി പ്രശംസനീയമാണ്,”എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കാലത്ത് നക്‌സൽ കേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന പ്രദേശങ്ങൾ ഇപ്പോൾ വിദ്യാഭ്യാസ കേന്ദ്രങ്ങളായും ‘ചുവപ്പ് ഇടനാഴികൾ’ എന്ന കുപ്രസിദ്ധി നേടിയ സ്ഥലങ്ങൾ വികസന ഇടനാഴികളായും മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ പോലീസും സുരക്ഷാ സേനയും വളരെ നിർണായകമായ പങ്കാണ് വഹിച്ചതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് നക്‌സൽ ഭീഷണി 2026 മാർച്ച് 31-നകം പൂർണ്ണമായി ഇല്ലാതാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി മോദി സർക്കാർ പോലീസ് സേനയുടെ ആധുനികവൽക്കരണത്തിന് ആവശ്യമായ വിഭവങ്ങളും ബഡ്ജറ്റും നൽകുന്നുണ്ട്. ലഭ്യമായ പരിമിതമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. വിവിധ സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിലൂടെയും സംയോജനത്തിലൂടെയും മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കാലത്ത് പോലീസിന് കുറ്റകൃത്യങ്ങൾക്കെതിരെ മാത്രമല്ല, പൊതുബോധത്തിനെതിരെയും പോരാടേണ്ടതുണ്ടെന്നും രാജ്‌നാഥ് സിംഗ് തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
















