ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനിടെ കടുത്ത ക്ഷീണവും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടിയെത്തിയ യുവ അധ്യാപികയുടെ മരണം പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ സംഘർഷത്തിനിടയാക്കി. ഇളമ്പൽ കോട്ടവട്ടം നിരപ്പിൽ ഭാഗം നിരപ്പിൽ വീട്ടിൽ ബി.ശ്രീഹരിയുടെ ഭാര്യ അശ്വതി (34) ആണ് മരണപ്പെട്ടത്. ടോക് എച്ച് പബ്ലിക് സ്കൂളിലെ കണക്ക് അധ്യാപികയായിരുന്നു അശ്വതി. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധവുമായി തടിച്ചുകൂടിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് ഏകദേശം രണ്ടരയോടെയാണ് ഛർദ്ദി അനുഭവപ്പെട്ട അശ്വതിയെ ഭർത്താവും ഒരു വിദ്യാർത്ഥിയും ചേർന്ന് കാറിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് വരുന്ന വഴിയിലും ഇവർക്ക് ഛർദ്ദിയുണ്ടായി. അത്യാഹിത വിഭാഗത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ആരോഗ്യനില കൂടുതൽ വഷളായി. തലച്ചോറിന് എന്തെങ്കിലും തകരാറുണ്ടോ എന്ന സംശയത്താൽ ഉടൻ തന്നെ സി.ടി സ്കാൻ എടുക്കുകയും, പിന്നീട് നാലാം നിലയിലെ ഐ.സി.യു യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു. സി.ടി സ്കാൻ റിപ്പോർട്ട് സാധാരണമായിരുന്നു. എന്നാൽ ഐ.സി.യുവിൽ വച്ച് ബി.പി, പൾസ് എന്നിവ അതിവേഗം താഴുകയും ആരോഗ്യസ്ഥിതി ഗുരുതരമായി വഷളാവുകയും ചെയ്തു. വൈകിട്ട് ആറരയോടെയാണ് മരണം സംഭവിച്ചത്.
മരണവിവരം ബന്ധുക്കളെ അറിയിക്കാൻ ആശുപത്രി അധികൃതർ വൈകിച്ചെന്നും, വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും ആരോപിച്ച് ഭർത്താവും ബന്ധുക്കളും ഐ.സി.യുവിനു മുന്നിൽ തർക്കത്തിലേർപ്പെട്ടു. ഛർദ്ദി അധികമായപ്പോൾ നൽകിയ കുത്തിവയ്പ്പാണ് ആരോഗ്യനില വഷളാകാൻ കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രതിഷേധത്തെ തുടർന്ന് ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.
കുന്നിക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻക്വസ്റ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വീടിനടുത്തുള്ള ട്യൂഷൻ സെന്ററിലായിരുന്നു അശ്വതി വിദ്യാർത്ഥികളെ പഠിപ്പിച്ചുകൊണ്ടിരുന്നത്. യുകെജി വിദ്യാർത്ഥിയായ ശ്രീദേവ് ആണ് ഏക മകൻ. കുളത്തൂപ്പുഴ സ്വദേശികളായ ചന്ദ്രബാബു-പ്രസന്നകുമാരി ദമ്പതികളുടെ മകളാണ് അശ്വതി.
ഛർദ്ദിയുമായി എത്തിയ അശ്വതിയുടെ അസ്വസ്ഥത വർദ്ധിച്ചതിനാൽ തലച്ചോറിന് തകരാറുണ്ടോ എന്ന സംശയത്താലാണ് സി.ടി സ്കാൻ എടുത്തതെന്നും അതിന്റെ ഫലം നോർമൽ ആയിരുന്നുവെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽകുമാർ പ്രതികരിച്ചു. ജീവൻ രക്ഷിക്കാൻ ആശുപത്രിയിൽ ചെയ്യാൻ സാധ്യമായതെല്ലാം ചെയ്തിരുന്നു. ഐ.സി.യുവിൽ എത്തിയ ശേഷം പൾസും ബി.പി.യും വേഗത്തിൽ കുറയുകയായിരുന്നു. കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് മാത്രമേ അറിയാൻ സാധിക്കൂ എന്നും അദ്ദേഹം അറിയിച്ചു.
















