പൃഥ്വിരാജ് ചിത്രം ‘മുംബൈ പോലീസ്’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനുമായ നിഹാൽ പിള്ള, തന്റെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പൊതുസമൂഹത്തോട് തുറന്നു പറഞ്ഞിരിക്കുകയാണ്. എട്ടാം വയസ്സിൽ നാട്ടിൽ വെച്ചും പിന്നീട് കൗമാരത്തിൽ കുവൈറ്റിൽ വെച്ചും താൻ അതിക്രമങ്ങൾക്കിരയായെന്ന നിഹാലിന്റെ വെളിപ്പെടുത്തൽ പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരുപാട് കുട്ടികൾ ഇത്തരത്തിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ്, ഒരു ട്രോമയായി മനസ്സിൽ കൊണ്ടുനടന്ന ഈ ദുരനുഭവങ്ങൾ ഇപ്പോൾ തുറന്നുപറയണമെന്ന് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറയുന്നു.
തനിക്ക് എട്ടോ, ഒമ്പതോ വയസ്സ് പ്രായമുള്ളപ്പോഴാണ് ആദ്യത്തെ ദുരനുഭവം ഉണ്ടായത്. “ഇത് ആരോടെങ്കിലും തുറന്ന് പറയുമെന്ന് കരുതിയതല്ല. രണ്ട്, മൂന്ന് തവണ ഈ സെക്ഷ്വൽ അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ രണ്ടെണ്ണം വല്ലാത്തൊരു ട്രോമയാണ്,” നിഹാൽ ഓർമ്മിക്കുന്നു. താൻ താമസിച്ചിരുന്ന വീടിനടുത്തുള്ള ഒരു ഷൂ ഷോപ്പിലെ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിലായിരുന്നു സംഭവം. കൂട്ടുകാരുമായി കളിക്കാൻ പോകുന്ന സ്ഥലമായിരുന്നു അത്. അവിടെ ജോലി ചെയ്യുന്ന ഒരാൾ ഫുട്ബോളിന്റെ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് കുട്ടികളെ വിളിക്കുമായിരുന്നു. ഒരു ദിവസം കുറേ സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് മൂന്നുപേരുണ്ടായിരുന്ന തങ്ങളെ അയാൾ അകത്തേക്ക് ക്ഷണിച്ചു.
“അകത്തേക്ക് കയറി വന്നാൽ ഇതിലും വലിയ സ്റ്റിക്കർ തരാമെന്ന് പറഞ്ഞു. അയാൾ ഞങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചോ അതോ പിടിക്കാൻ ശ്രമിക്കുകയാണോ ചെയ്തതെന്ന് എനിക്ക് കൃത്യം ഓർമയില്ല. എനിക്കൊപ്പം വന്ന മറ്റൊരു കുട്ടിയെ അകത്തേക്ക് വിളിച്ച് അവന്റെ ഷോട്സ് ഊരുകയോ എന്തോ ചെയ്തു,” നിഹാൽ വെളിപ്പെടുത്തി. ഈ സംഭവത്തിനുശേഷം ആരും അവിടേക്ക് പോയിട്ടില്ല. എന്നാൽ അന്ന് വൈകുന്നേരം ആ വീട്ടിൽ വലിയ ബഹളമായിരുന്നു. “ഏതോ കുട്ടി വീട്ടിൽ പോയി പറഞ്ഞിട്ട് അവരുടെ മാതാപിതാക്കൾ വന്ന് ബഹളം വച്ചതാണ്. ആ റൂമിന്റെ സ്മെൽ ഇന്നും എനിക്ക് ഓർമയുണ്ട്. അതൊരു ട്രോമ തന്നെയാണ് ഇപ്പോഴും,” അദ്ദേഹം വേദനയോടെ പറഞ്ഞു.
പിന്നീടാണ് നിഹാൽ കുവൈറ്റിലേക്ക് പോകുന്നത്. പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ പഠിക്കുമ്പോഴാണ് രണ്ടാമത്തെ അതിക്രമശ്രമം നേരിടേണ്ടി വന്നത്. “അവിടെ വച്ച് ഒരാൾ എന്റെ കഴുത്തിൽ പിടിച്ചു. പിന്നെ അയാൾ പതിയെ എന്റെ പാന്റിനടുത്തേക്ക് പോയി. അയാൾ എന്നേക്കാൾ വലിയ ശക്തനാണ്. ഉടനെ ഞാൻ അയാളുടെ ശ്രദ്ധ മാറ്റി, കൈ തട്ടി ഓടി രക്ഷപ്പെടുകയാണ് ചെയ്തത്,” നിഹാൽ വിശദീകരിച്ചു.
മൂന്നാമത്തെ സംഭവം പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ്. കാറിൽ ഒരു ഡ്രൈവ് പോകാമെന്നു പറഞ്ഞ് ഒരാൾ വിളിച്ചു. എന്നാൽ, “ആ പ്രായമായപ്പോഴേക്കും അതൊക്കെ എന്താണെന്ന് മനസ്സിലാക്കാൻ തുടങ്ങിയിരുന്നു,” അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങളെല്ലാം ഇന്നും ഒരു ട്രോമയായി തന്റെ മനസ്സിൽ നിലനിൽക്കുന്നുണ്ടെന്നും, സമാനമായ ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് വേണ്ടി ശബ്ദമുയർത്താനും അവബോധം നൽകാനുമാണ് ഇപ്പോൾ ഇത് തുറന്നുപറയാൻ തീരുമാനിച്ചതെന്നും നടൻ നിഹാൽ പിള്ള വ്യക്തമാക്കി.
നിഹാൽ പിള്ള, നടിയും പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുമായ പ്രിയ മോഹന്റെ ഭർത്താവു കൂടിയാണ്.
















