തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 79-കാരി മരണത്തിന് കീഴടങ്ങി. പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി (79) ആണ് മരിച്ചത്. കഴിഞ്ഞ 16-നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു മരണം. രണ്ടാഴ്ച മുമ്പ് പനിയെ തുടർന്ന് പോത്തൻകോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവർക്ക്, മുഖത്തെ നീരും പനിയും കുറയാത്തതിനാൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. നാല് ദിവസത്തിന് ശേഷം സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് എസ്.യു.ടി. ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വൃക്കകൾ തകരാറിലാവുകയും മൂന്ന് തവണ ഡയാലിസിസ് നടത്തുകയും ചെയ്തു. പനി കുറയാതിരുന്നതിനാൽ വീണ്ടും വിശദമായ രക്തപരിശോധന നടത്തിയപ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
- ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയത്വം, അസാധാരണമായ പ്രതികരണങ്ങൾ എന്നിവയും കണ്ടേക്കാം. രോഗം ഗുരുതരമായാൽ ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ചികിത്സ തേടേണ്ടതാണ്.
- രോഗം പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങിക്കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക.
* ശുദ്ധമല്ലാത്ത വെള്ളത്തിൽ മുഖവും വായും കഴുകുന്നത് ഒഴിവാക്കണം.
* നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കയറുന്നത് തടയാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
* വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധിയാണെന്ന് ഉറപ്പാക്കുക.
* കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. ഇത് അമീബയെ നശിപ്പിക്കാനും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) തടയാനും സഹായിക്കും.
* നീന്തൽ കുളങ്ങളിലെ വെള്ളം ആഴ്ചയിൽ ഒരിക്കൽ പൂർണ്ണമായും ഒഴുക്കിക്കളയുക. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകണം. ഫിൽട്ടറുകൾ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യണം.
















