അടിച്ചു പൊളിച്ച് ഒരു ട്രിപ്പ് പോയാലോ?…എങ്കിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽമേട്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തിയാൽ തമിഴ്‌നാടിന്റെ സൗന്ദര്യം പൂർണ്ണമായും കാണാൻ സാധിക്കും.
പശ്ചിമഘട്ടങ്ങളുടെ ഭാഗമായ ഉയര്‍ന്ന മലനിരകളാല്‍ സമ്പന്നമായ ഇടുക്കി ജില്ലയിലെ ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. തേക്കടിയിൽ നിന്ന് വടക്ക് കിഴക്കായി, കുമളി – മൂന്നാർ റോഡിൽ നെടുങ്കണ്ടത്ത് നിന്ന് 16 കിലോമീറ്റർ ഉള്ളിലാണ് രാമക്കൽമേട് സ്ഥതി ചെയ്യുന്നത്. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട കേന്ദ്രമാണ് ഈ സ്ഥലം എന്ന് തന്നെ പറയാം. അതിനാൽ തന്നെ നിരവധി പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.
തമിഴ്നാട് അതിർത്തിയിൽ കമ്പം താഴ്വരയെ നോക്കി നിൽക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാർത്ഥത്തിൽ രാമക്കൽമേട്. ഏലത്തോട്ടങ്ങള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കും മുകളില്‍ വിശാലമായ കുന്നിന്‍പരപ്പിലാണ് ഈ പാറക്കെട്ടുകള്‍. ഇതിലൊരു പാറയിൽ വലിയൊരു കാൽപ്പാദത്തിന്റെ പാട് കാണാം. രാമക്കൽമേടിന് ഈ പേര് ലഭിച്ചതിന് പിന്നിലെ കാരണവും ഇതാണ്.
സീതാന്വേഷണ കാലത്ത് ഭഗവാൻ രാമൻ ചവിട്ടിയ പാടാണെന്ന വിശ്വാസത്തിൽ ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന് പേര് വീണു. കേരള സർക്കാരിന്റെ ചെറിയൊരു കാറ്റാടി വൈദ്യുതി പാടവും ഇവിടെയുണ്ട്. രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ മറ്റൊരു ആകർഷണം ഇവിടുത്തെ കുറവൻ – കുറത്തി ശില്‍പ്പമാണ്. രാമക്കല്ലിന് അഭിമുഖമായി നോക്കുന്ന തരത്തിലാണ് 37അടി ഉയരമുള്ള ശില്‍പ്പമുള്ളത്.
പ്രത്യേകതകള്‍ ധാരാളമുണ്ട് രാമക്കല്‍മേടിന്. എല്ലായ്‌പ്പോഴും നിലയ്ക്കാത്ത കാറ്റാണ് ഇവിടെ അനുഭവപ്പെടുന്നത്.
സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഇന്ത്യയില്‍ ഏറ്റവുമധികം കാറ്റുവീശുന്നത്. സാധാരണയായി മണിക്കൂറില്‍ 32.5 കിലോമീറ്റര്‍ വേഗതയാണ് ഇവിടുത്തെ കാറ്റിനുള്ളത്. 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുന്ന സമയവും ഇവിടെയുണ്ട്. കാറ്റില്‍ നിന്നും വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന വിന്‍ഡ് എനര്‍ജി ഫാമും ഇവിടെയുണ്ട്.
എത്ര തവണ ഇവിടെ എത്തിയാലും എത്ര സമയം ചിലവഴിച്ചാലും തീരാത്ത കാഴ്ചകളാണ് ഈ സ്ഥലത്തിന്റെ മറ്റൊരു പ്രത്യേകത. കാറ്റാടി യന്ത്രങ്ങളും കൃഷിടിയങ്ങളും കുറുവന്‍-കുറുവത്തി പ്രതിമയും പാറക്കൂട്ടങ്ങളുമൊക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
രാമക്കല്‍മേടിന്റെ പ്രധാന കാഴ്ചകളിലൊന്നാണ് ഇപ്പോ വീഴും എന്ന മട്ടില്‍ കാണുന്ന പാറക്കൂട്ടങ്ങള്‍. അടുക്കിവെച്ചപോലെ ഇരിക്കുന്ന ആ പാറക്കൂട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട ഫോട്ടേ ലൊക്കേഷന്‍ കൂടിയാണ്.
ഒന്നുനു മുകളില്‍ ഒന്നായി അടുക്കിവെച്ച പോലെ കാണപ്പെടുന്ന പാറക്കെട്ടാണ് ഇവിടുത്തെ കല്ലുമ്മേക്കല്ല്.
വനവാസകാലത്ത് പാണ്ഡവന്‍മാര്‍ ഇവിടെ വന്നപ്പോള്‍, ദ്രൗപതിക്ക് മുറുക്കാന്‍ ഇടിച്ചു കൊടുക്കാന്‍ ഭീമസേനന്‍ ഉപയോഗിച്ചതാണ് ഈ കല്ല് എന്നാണ് വിശ്വാസം.
രാമക്കല്‍മേടില്‍ നിന്നുള്ള മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് താഴ്വാരത്തില്‍ കാണുന്ന തമിഴ്‌നാടന്‍ ഗ്രാമങ്ങള്‍. തമിഴ്‌നാടിന്റെ കൃഷിയിടങ്ങളും വീടുകളുമെല്ലാം ഒരു ക്യാന്‍വാസില്‍ കാണുന്ന പ്രതീതിയാണ് കുന്നിന്റെ മുകളിലെ കാഴ്ചയിലൂടെ ലഭിക്കുന്നത്.
ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് സൂര്യാസ്തമയം. ഇവിടെയെത്തുന്ന സഞ്ചാരികള്‍ സൂര്യാസ്തമയം കണ്ടതിനു ശേഷം മാത്രമേ മലയിറങ്ങാറുള്ളൂ.
വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും ഇവിടം സന്ദര്‍ശിക്കാമെങ്കിലും ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഏറ്റവും അനുയോജ്യം.
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തു നിന്നും 14 കിലോമീറ്റര്‍ അകലെയാണ് രാമക്കല്‍മേട് സ്ഥിതി ചെയ്യുന്നത്. കട്ടപ്പനയില്‍ നിന്ന് 20 കിലോമീറ്ററും മൂന്നാറില്‍ നിന്ന് 74 കിലോമീറ്ററും അകലെയാണ് ഇവിടം.
കോട്ടയത്തു നിന്നും വരുന്നവര്‍ക്ക് ഈരാറ്റുപേട്ട-വാഗമണ്‍-കട്ടപ്പന-നെടുങ്കണ്ടം-തൂക്കുപാലം വഴി രാമക്കല്‍മേട്ടിലെത്താം. 124 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്.
















