മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പിവി അൻവർ. നിലമ്പൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് ഇന്നലെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നിലമ്പൂര്‍ നഗരസഭയില്‍ മൂന്നും ചുങ്കത്തറ,എടക്കര,വഴിക്കടവ്,മൂത്തേടം പഞ്ചായത്തുകളില്‍ ഒരോ സീറ്റിലേക്കുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യവുമായാണ് പിവി അൻവര്‍ കളത്തിലിറങ്ങിട്ടുള്ളത്. വിജയ സാധ്യതകളെ ബാധിക്കുമെന്ന സ്ഥിതി വന്നാല്‍ യുഡിഎഫ് അനുനയത്തിനെത്തുമെന്നാണ് അൻവർ പ്രതീക്ഷിക്കുന്നത്.
കൊച്ചി കോര്‍പ്പറേഷൻ മൂന്നാം ഡിവിഷനില്‍ സോഫിയാ ഷെരീഫിനേയും കളമശേരി നഗരസഭയിള്‍ പതിനഞ്ചാം വാര്‍ഡില്‍ കെ എം അനിയേയുമാണ് തൃണമൂല്‍ കോൺഗ്രസ് ഇന്ന് കളത്തിലിറക്കിയിട്ടുള്ളത്. തൃണമൂല്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ച് യു.ഡി.എഫിനെ സമ്മർദ്ദത്തിലക്കിയാൽ. പിന്നാലെ യുഡിഎഫ് പ്രവേശനമാണ് അൻവര്‍ ലക്ഷ്യമിടുന്നത്.
എന്നാൽ ഇത് നടക്കാതെ വന്നാൽ സംസ്ഥാനത്താകെ പരമാവിധി സീറ്റുകളില്‍ മത്സരിക്കുകയും യുഡിഎഫിനെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയാണ് പി വി അൻവറിന്‍റെ നീക്കം. അങ്ങനെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ കയറിപ്പറ്റാമെന്നാണ് അൻവർ ലക്ഷ്യം വെക്കുന്നത്.
















