നടിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ അഹാന കൃഷ്ണ തന്റെ 30-ാം പിറന്നാളിൽ പുതിയ അതിഥിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. പിറന്നാൾ സമ്മാനമായി തനിക്ക് വേണ്ടി ബിഎംഡബ്ല്യു എക്‌സ് 5 എസ്‌യുവി ആണ് അഹാന വാങ്ങിയത്. നടൻ ദുൽഖർ സൽമാൻ ആണ് വാഹനമെടുക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകിയതെന്ന് താരം പറഞ്ഞു.
തന്റെ വ്ലോഗിലൂടെയാണ് പുതിയ വാഹനം വാങ്ങിയതിന്റെ വിശേഷങ്ങൾ അഹാന പങ്കുവച്ചത്. ഒരു ദിവസം കാർ ഓടിക്കുന്നതിനിടെ യാദൃച്ഛികമായി തോന്നിയ ഒരു ചിന്തയാണ് പുതിയ കാർ വാങ്ങാൻ പ്രേരിപ്പിച്ചതെന്ന് അഹാന പറയുന്നു. താൻ നന്നായി കാർ ഓടിക്കുമെന്നും എല്ലാ യാത്രകളും സ്വയം ഡ്രൈവ് ചെയ്താണ് പോകുന്നതെന്നും താരം പറയുന്നു. കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ സഹായത്തിനായി അഹാന ആദ്യം സമീപിച്ചത് സുഹൃത്തായ അർജുനെയായിരുന്നു, ധൈര്യമായി വാങ്ങാനാണ് അർജുൻ പറഞ്ഞത്. പിന്നീട് കൂടുതൽ വിവരങ്ങൾക്കായി ദുൽഖർ സൽമാനെ സമീപിച്ചെന്നും ദുൽഖറിന്റെ അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് ബിഎംഡബ്ല്യു എക്‌സ് 5 തിരഞ്ഞെടുത്തതെന്നും അഹാന പറഞ്ഞു.
ഒരുദിവസം ഞാൻ കാർ ഓടിച്ചു വന്നുകൊണ്ടിരുന്നപ്പോൾ എനിക് ഇങ്ങനെ ഒരു ചിന്ത വന്നു, എന്റെ മുപ്പതാം പിറന്നാളിന് ഒരു കാർ വാങ്ങി എനിക്ക് തന്നെ ഗിഫ്റ്റ് കൊടുത്താലോ എന്ന്. ഞാൻ നന്നായി കാർ ഓടിക്കും, ഞാൻ തന്നെയാണ് കാർ ഓടിച്ച് എല്ലായിടത്തും പോകുന്നത്. ഒരു ഫാൻസി ആയിട്ട് തോന്നുന്ന ഒരു കാർ മേടിച്ചാലോ എന്നിങ്ങനെ മനസ്സിൽ തോന്നി. ഇത് ഒരിക്കലും ഒരു സ്വപ്ന സാക്ഷാൽക്കാരം ആണെന്ന് പറയാൻ പറ്റില്ല കാരണം ഞാൻ ഒരിക്കലും ഇതിനെ പറ്റി സ്വപ്നം കണ്ടിട്ടില്ല. ഒരു കാര്യത്തെ പറ്റി സ്വപ്നം കാണണമെങ്കിൽ നമുക്ക് അതിനെ പറ്റി എന്തെങ്കിലും അറിഞ്ഞിരിക്കണമല്ലോ. നമുക്ക് ഒന്നുമേ അറിയാത്ത ഒരു കാര്യത്തെപറ്റി നമ്മൾ സ്വപ്നം കാണില്ലല്ലോ. എന്റെ വീട്ടിൽ അച്ഛൻ നന്നായി ഡ്രൈവ് ചെയ്യും ഞാൻ ഡ്രൈവ് ചെയ്യും പക്ഷേ ഞങ്ങളാരും വാഹനഭ്രമം ഉള്ളവരല്ല. കുഞ്ഞിലെ തൊട്ടേ എന്റെ വീട്ടിൽ ഒരു കാർ ഉണ്ടാവും അല്ലാതെ സ്ഥിരമായി കാറുകൾ മാറ്റി വാങ്ങുകയോന്നും ചെയ്യാറില്ല. വിലകൂടിയ കാർ കണ്ടു വളർന്നിട്ടുള്ള ഒരാളല്ല ഞാൻ. അതുകൊണ്ടുതന്നെ ഇതിനെ പറ്റി ഒന്നും കാര്യമായിട്ട് അറിയത്തുമില്ല. ഇതൊന്നും ഞാൻ എന്റെ മനസ്സിൽ ആഗ്രഹിച്ചിട്ടുമില്ല. കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ ഞാൻ ആദ്യം വിളിച്ചത് സുഹൃത്ത് അർജുൻ ആണ്.
കാരണം അർജുൻ വാഹന ഭ്രമമുള്ള ആളാണ്. ഞാൻ ഇങ്ങനെ ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നു എന്താണ് നിന്റെ അഭിപ്രായം എന്ന് ചോദിച്ചു. അർജുൻ പറഞ്ഞു ചേച്ചി വളരെ നല്ല കാര്യം, ധൈര്യമായി വാങ്ങൂ എന്ന്. അതുകഴിഞ്ഞ് ഞാൻ മെസ്സേജ് അയച്ചത് ദുൽഖറിനാണ് കാരണം എനിക്ക് എന്റെ പരിചയത്തിൽ ഉള്ളതിൽ കാറുകളെ പറ്റി ഇത്രയും അറിയാവുന്ന മറ്റൊരാളില്ല. എനിക്ക് ഇതിനെ ഒന്നും പറ്റി അധികം അറിയില്ലാത്തതുകൊണ്ട് മറ്റാരുടെയെങ്കിലും സഹായം തേടിയേ പറ്റൂ. ദുൽഖറിന് മെസ്സേജ് അയച്ചപ്പോൾ ഞാൻ പറഞ്ഞു ഇതാണ് എന്റെ മനസ്സിലുള്ള ബഡ്ജറ്റ് ഇത് വച്ചിട്ട് എനിക്കൊരു നല്ല കാർ നിര്ദേശിക്കണം. അപ്പൊ ദുൽഖർ എനിക്ക് കുറേ ഓപ്‌ഷൻസ് തന്നു. ഈ കാർ നല്ലതാണ്, ഇതിന്റെ ഇത് നല്ലതാണ് അത് നല്ലതാണ് എന്നൊക്കെ പറഞ്ഞിട്ട് എനിക്ക് വളരെ നല്ല ഒരു വിവരണം തന്നു. അങ്ങനെ ദുൽഖർ പറഞ്ഞ കാറുകൾ ഞങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കി. അങ്ങനെയാണ് ഞാൻ ബിഎംഡബ്ല്യു എക്സ്5 വാങ്ങിയത്.
ഓഗസ്റ്റിൽ ഞാൻ കാർ ബുക്ക് ചെയ്തു. അന്ന് തന്നെ ഞാൻ തീരുമാനിച്ചു. ബർത്ത് ഡേക്ക് എടുക്കുന്ന പോലെ ചെയ്യാം. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഞങ്ങൾ എല്ലാവരും ഈ കാറിനു വേണ്ടി കാത്തിരിക്കുകയാണ്. ഞാൻ ചിലപ്പോൾ എന്റെ സുഹൃത്ത് റിയയോട് പറയും ഇനി ഞാൻ നിന്ന് കാണാൻ വരുന്നത് പുതിയ കാറിൽ ആയിരിക്കുമല്ലേ എന്ന്. എനിക്ക് കറുത്ത കാർ ആണ് ഇഷ്ടം അതുകൊണ്ട് ഞാൻ കറുത്ത നിറമുള്ള കാർ ആണ് തിരഞ്ഞെടുത്തത്. എനിക്ക് വലിയ വിലയുള്ള സാധനങ്ങൾ ഒന്നും വാങ്ങുന്നത് ഇഷ്ടമല്ല അതുകൊണ്ട്തന്നെ ഇത് വേണോ എന്ന് പല തവണ ചിന്തിച്ചിട്ടുണ്ട്. പിന്നെയും ഞാൻ വിചാരിച്ചു നാളെ എന്താണെന്ന് നമുക്ക് അറിയില്ല. എല്ലാവരും സന്തോഷമായി ഇരിക്കുമ്പോൾ ഏറ്റവും സന്തോഷമുള്ള കാര്യം ചെയ്യണം. അങ്ങനെ എന്റെ മുപ്പതാം പിറന്നാളിന് ഞാൻ എനിക്ക് നൽകിയ സമ്മാനമാണ് ഈ പുതിയ ബി എം ഡബ്ലിയു എക്സ്5.” അഹാന കൃഷ്ണ പറയുന്നു.
വലിയ വിലയുള്ള സാധനങ്ങൾ വാങ്ങുന്നതിനോട് താൽപര്യമില്ലാത്തതിനാൽ ഈ തീരുമാനം പല തവണ ചിന്തിച്ചിരുന്നുവെങ്കിലും നാളെ എന്താണെന്ന് നമുക്കറിയില്ല. എല്ലാവരും സന്തോഷമായി ഇരിക്കുമ്പോൾ ഏറ്റവും സന്തോഷമുള്ള കാര്യം ചെയ്യണം എന്ന് കരുതിയാണ് മുന്നോട്ട് പോയതെന്നും അഹാന പറഞ്ഞു. തൻ്റെ മുപ്പതാം പിറന്നാളിന് താൻ തനിക്ക് തന്നെ നൽകിയ സമ്മാനമാണ് ഈ പുതിയ ബിഎംഡബ്ല്യു എക്‌സ് 5 എന്നും താരം സന്തോഷത്തോടെ പങ്കുവച്ചു.
















