ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്വര്‍ണ വസ്ത്രം പുറത്തിറക്കി ദുബായ്. 10.5 കിലോഗ്രാം ഭാരം വരുന്ന ഈ സ്വര്‍ണവസ്ത്രം ഇതിനോടകം ഗിന്നസ് റെക്കോഡും നേടിക്കഴിഞ്ഞു. ഷാര്‍ജയില്‍ വെച്ചുനടന്ന അന്‍പത്തിയാറാമത് ‘മിഡില്‍ ഈസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോ’യിലാണ് ദുബായ് ഡ്രസ് പ്രദർശനത്തിന് വെച്ചത്.
View this post on Instagram
ഇരുപത്തിനാല് കാരറ്റ് സ്വര്‍ണത്തില്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ വിലേറിയ അമൂല്യമായ കല്ലുകള്‍ ഉപയോഗിച്ചും അലങ്കരിച്ചിട്ടുണ്ട്. ദുബായ് ഡ്രസ് എന്ന് പേരിട്ടിരിക്കുന്ന ഈ വസ്ത്രത്തിന് നാല് ഭാഗങ്ങളുണ്ടെന്ന് സൗദിയിലെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ അല്‍ റൊമൈസന്‍ അറിയിച്ചു. 398 ഗ്രാമുള്ള തലയില്‍ ധരിക്കുന്ന ടിയാര, 8,810.60 ഗ്രാം ഭാരമുള്ള മാല, 134.1 ഗ്രാമുള്ള കമ്മലുകള്‍, ഹിയാര്‍ എന്നറിയപ്പെടുന്ന 738.5 ഗ്രാമുള്ള ഒരു അരപ്പട്ടയുമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
View this post on Instagram
1,088,000 ഡോളര്‍ (ഏകദേശം 9.5 കോടി രൂപ) വിലമതിക്കുന്ന ഈ വസ്ത്രം, ആഡംബരത്തിന്റെ ആഗോള കേന്ദ്രമെന്ന ദുബായിയുടെ പ്രശസ്തിയെ ശരിവെക്കുന്നതാണ്. 980 മണിക്കൂറുകള്‍ ചെലവഴിച്ചാണ് അല്‍ റൊമൈസാനിലെ കലാകാരന്മാര്‍ ദുബായ് ഡ്രസ് നിര്‍മ്മിച്ചതെന്ന് കമ്പനി പറയുന്നു. സ്വര്‍ണത്തിന്റെ തിളക്കത്തിനോടൊപ്പം മധ്യപൂര്‍വേഷ്യന്‍ കലയില്‍ നിന്നുള്ള പ്രചോദനവും ദുബായ് ഡ്രസ്സില്‍ കാണാന്‍ സാധിക്കും. സമൃദ്ധി, സൗന്ദര്യം, ശാക്തീകരണം എന്നിവയെ പ്രതിനിധീകരിക്കുന്ന ഡിസൈനില്‍ വജ്രങ്ങളും മാണിക്യങ്ങളും മരതകങ്ങളും പതിപ്പിച്ചിരിക്കുന്നു.
ഷാര്‍ജയില്‍ വെച്ച് നടന്ന അന്‍പത്തിയാറാമത് ‘മിഡില്‍ ഈസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോ’യിലാണ് ദുബായ് ഡ്രസ് പ്രദര്‍ശിപ്പിച്ചത്. ആഭരണത്തിന്റെയും ഫാഷന്റെയും ലോകങ്ങളെ ഒരുമിപ്പിക്കുക എന്നതാണ് ഈ സ്വര്‍ണ്ണ വസ്ത്രത്തിന് പിന്നിലെ ആശയമെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഫാഷന്‍ എങ്ങനെ ധരിക്കാവുന്ന ഒരു കലാരൂപമായി മാറും എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
വില്‍പ്പന ലക്ഷ്യം വെച്ചല്ല ദുബായ് ഡ്രസ് നിര്‍മ്മിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ആഗോള എക്‌സിബിഷനുകളിലും മറ്റും ഇത് പ്രദര്‍ശനത്തിനെത്തും. യൂറോപ്പിലെയും ഏഷ്യയിലെയും വരാനിരിക്കുന്ന ഫാഷന്‍, ജ്വല്ലറി എക്‌സ്‌പോകളില്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
















