‘ടീമേ’ എന്ന ഒറ്റ വിളിയിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. ഇപ്പോഴിതാ നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. ബിനീഷ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷ വിവരം ആരാധകരുമായി പങ്കുവച്ചത്.
“ടീമേ.. ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും , വിശ്വസ്തതയോടും കൂടി , ഏക മനസ്സോടെ “താര” എന്നോടൊപ്പം ഉണ്ടാകും..കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം,” ബിനീഷ് കുറിച്ചു.
പത്ത് വർഷത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്. എയ്ഞ്ചൽ ജോൺ, പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിനീഷ് വേഷമിട്ടു. വിജയ് നായകനായി എത്തിയ തെരി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ബിനീഷ് അവതരിപ്പിച്ചിരുന്നു. സ്റ്റാർ മാജിക് ഷോയിലൂടെയും ബിനീഷ് ശ്രദ്ധ നേടിയിരുന്നു.
















