കേരള സ്‌കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. വര്‍ണ്ണാഭമായ ചടങ്ങില്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനാണ് ദീപശിഖ തെളിയിച്ചത്. മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ട്രാക്കിലും ഫീല്‍ഡിലും തീപിടിപ്പിക്കുന്ന പോരാട്ടങ്ങളുടെ ഏഴ് ദിനരാത്രങ്ങളാണ് വരാനിരിക്കുന്നത്. 14 ജില്ലകള്‍ക്ക് പുറമെ മറുനാടന്‍ മലയാളികളുടെ കരുത്തു അറിയിക്കാന്‍ യുഎഇ ടീമും ഇത്തവണയുമുണ്ട്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മേള ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെഎന്‍ ബാല ഗോപാലാണ്. കേരളത്തിന്റെ കായിക കുതിപ്പിന്റെ പുതിയൊരു ചുവടെന്ന് മുഖ്യ സംഘാടകന്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
3000ത്തിലധികം കുട്ടികള്‍ അണിനിരന്ന സംസ്‌കാരിക പരിപാടിയും ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടി. ഓരോ ജില്ലയില്‍ നിന്നും മുന്നൂറ് കുട്ടികള്‍ പങ്കെടുക്കുന്ന വിപുലമായ മാര്‍ച്ച് പാസ്റ്റുമാണ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്നത്. നാളെ മുതല്‍ 28-ാം തിയതി വരെയാണ് കായിക മത്സരങ്ങള്‍ നടക്കുക. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ഇത്തവണ 12 പെണ്‍കുട്ടികള്‍ കൂടി ഈ സംഘത്തില്‍ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. ആയിരത്തോളം ഒഫീഷ്യല്‍സും രണ്ടായിരത്തോളം വോളന്റിയേഴ്‌സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നു. സ്‌കൂള്‍ കായിക മേള ചരിത്രത്തില്‍ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വ്വഹിച്ച തീം സോംഗാണ് ഇത്തവണത്തേത്.ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വര്‍ണ്ണക്കപ്പാണ് ഇത്തവണ നല്‍കുന്നത്.
STORY HIGHLIGHT : kerala school sports meet 2025 inauguration
















