ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എസ്ഐടി ദേവസ്വം ബോർഡിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. കേസിൽ ഈ ആഴ്ച തന്നെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. തുടർന്ന്, ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാർ ഉൾപ്പടെയുള്ള മുൻ ബോർഡ് അംഗങ്ങളെയും എസ്ഐടി ചോദ്യം ചെയ്യും.
ക്രിമിനല്‍ ഗൂഡാലോചന അന്വേഷിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് പ്രത്യേകസംഘം അന്വേഷണം വേഗത്തിലാക്കുന്നത്. 2019ല്‍ ദ്വാരപാലക ശില്പപ്പാളികള് കൈമാറുന്ന സമയത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു, എക്സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്.
പ്രതികളാക്കിയിരിക്കുന്ന മറ്റ് ഉദ്യോഗസ്ഥരേയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഇവരില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയാവും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ വിളിപ്പിക്കുക.
മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍, പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍.വാസു എന്നിവരെ ചോദ്യം ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.















