ടാറ്റ സണ്‍സിൽ വിഭാഗീയത പരക്കുന്നതായി റിപ്പോർട്ട്. ഭൂരിഭാഗം ഓഹരികളും കൈവശമുള്ള ട്രസ്റ്റ്‌സില്‍ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, ടിവിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമെറിറ്റസ് വേണു ശ്രീനിവാസനെ ആജീവനാന്ത ട്രസ്റ്റിയായി പുനര്‍നിയമിച്ച് ടാറ്റ ട്രസ്റ്റ്‌സ് രംഗത്ത് വന്നിരിക്കുകയാണ്. ആഭ്യന്തര ഭിന്നതകള്‍ക്കിടെ, മെഹ്ലി മിസ്ത്രിക്കും പുനര്‍നിയമനം നല്‍കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഒക്ടോബര്‍ 23 ന് കാലാവധി അവസാനിക്കാനിരിക്കേയാണ് വേണു ശ്രീനിവാസനെ ആജീവനാന്ത ട്രസ്റ്റിയായി പുനര്‍നിയമിച്ചത്. ടാറ്റ ട്രസ്റ്റ്‌സില്‍ ആഭ്യന്തര ഭിന്നത രൂക്ഷമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രത്തന്‍ ടാറ്റയുടെ മരണത്തെത്തുടര്‍ന്ന് ചെയര്‍മാനായി ചുമതലയേറ്റ നോയല്‍ ടാറ്റയുമായി ഒരു വിഭാഗം യോജിക്കുമ്പോള്‍ മറുവിഭാഗം മുന്‍ മേധാവിയുടെ വിശ്വസ്തരായി തുടരുന്നതാണ് ഭിന്നതകള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒക്ടോബര്‍ 28നാണ് മെഹ്ലി മിസ്ത്രിയുടെ കാലാവധി അവസാനിക്കുന്നത്. അതിന് മുന്‍പ് പുനര്‍നിയമനം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ തുടര്‍ച്ച സ്വമേധയാ ആയിരിക്കണമോ അതോ ആജീവനാന്ത കാലാവധിക്ക് ട്രസ്റ്റികളുടെ ഏകകണ്ഠമായ അംഗീകാരം ആവശ്യമാണോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് എന്നിവയുള്‍പ്പെടെ നിരവധി ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ മേല്‍നോട്ടം വഹിക്കുന്നത് ടാറ്റ ട്രസ്റ്റ്‌സ് ആണ്. 156 വര്‍ഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സില്‍ ടാറ്റ ട്രസ്റ്റ്‌സിന് 66 ശതമാനം ഓഹരികളുണ്ട്. ടാറ്റ ട്രസ്റ്റ്‌സിന് കീഴില്‍ 30 ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 400 കമ്പനികള്‍ ഉള്‍പ്പെടുന്നു.
‘പുതുക്കലും പുതിയ നിയമനവും മുന്‍കാല രീതി അനുസരിച്ച് ഏകകണ്ഠമായിരിക്കണം. പുതുലക്കലിന് ശേഷം ആജീവനാന്ത ട്രസ്റ്റി ആയി മാറും. ഇതിന് ഏകകണ്ഠമായ അംഗീകാരം ആവശ്യമാണ്’- ട്രസ്റ്റ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം രത്തന്‍ ടാറ്റയുടെ മരണത്തെ തുടര്‍ന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നോയല്‍ ടാറ്റയ്ക്ക് സമാനമായ രീതിയില്‍ നിയന്ത്രണം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.
നോയല്‍ ടാറ്റ നേരിട്ട് തീരുമാനമെടുക്കുന്നത് ചില ട്രസ്റ്റിമാര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ സണ്‍സില്‍ 18.37 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഷാപൂര്‍ജി പല്ലോന്‍ജി കുടുംബവുമായി ബന്ധമുള്ള ട്രസ്റ്റി മെഹ്ലി മിസ്ത്രി ചിലകാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി പറയുന്നു. പ്രധാന വിഷയങ്ങള്‍ വരുമ്പോള്‍ മാറ്റിനിര്‍ത്തുന്നു എന്നാണ് പറയുന്നത്.
content highlight: TATA
















