മലയാളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസൺ. ക്രിക്കറ്റ് ലോകത്ത് ശ്രീശാന്തിനെ പിന്നാലെ എത്തിയ താരം ഐപിഎല്ലിൽ നടത്തുന്ന മാസ്മരിക പ്രകടനങ്ങളും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. വരുന്ന സീസണിൽ രാജസ്ഥാൻ റോയൽസിനെ സഞ്ജു സാംസൺ നയിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ആദ്യം പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ
ട്രേഡിങ് നടന്നില്ലെങ്കിൽ സഞ്ജുവിനെ രാജസ്ഥാൻ റിലീസ് ചെയ്തേക്കില്ലെന്ന് സൂചന പുറത്തു വന്നിരിക്കുകയാണ്. ടീമിൽ തുടർന്നാലും സഞ്ജു ക്യാപ്റ്റനായി തുടരില്ലെന്നാണ് സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾ.
സഞ്ജു സാംസണിൻ്റെ അഭാവത്തിൽ റിയാൻ പരാഗ് ആണ് കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ചത്. എന്നാൽ, യശസ്വി ജയ്സ്വാളിനും ക്യാപ്റ്റൻസി ആവശ്യമുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ തൻ്റെ ബ്രാൻഡ് വാല്യു ഉയർത്താൻ ഐപിഎൽ ക്യാപ്റ്റൻസി സഹായിക്കുമെന്നാണ് ജയ്സ്വാൾ കരുതുന്നത്. ഇക്കാര്യം മാനേജ്മെൻ്റിനോട് ജയ്സ്വാൾ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഈ സീസൺ കൂടി പരാഗ് ടീമിനെ നയിക്കും. വരുന്ന സീസൺ മുതൽ ടീമിൻ്റെ ക്യാപ്റ്റൻസി യശസ്വി ജയ്സ്വാൾ ഏറ്റെടുക്കുമെന്നും സൂചനകളുണ്ട്.
ഭാവിയിലേക്കുള്ള നിക്ഷേപമായി യുവതാരങ്ങളെ ക്യാപ്റ്റനാക്കാമെന്നതാണ് രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റ് കരുതുന്നത്. അതുകൊണ്ട് തന്നെ 23 വയസുള്ള റിയാൻ പരഗും യശസ്വി ജയ്സ്വാളും ഇതിന് പറ്റിയ ആൾക്കാരുമാണ്. ഇരുവരും ഏറെക്കാലമായി ടീമിനൊപ്പമുണ്ട്. സഞ്ജുവിന് ശേഷം പരാഗ് എന്ന തീരുമാനത്തിലായിരുന്ന മാനേജ്മെൻ്റിനെ സമ്മർദ്ദത്തിലാക്കിയാണ് ജയ്സ്വാൾ ക്യാപ്റ്റൻസി ആവശ്യമുയർത്തിയത്. ഇത് പരിഹരിക്കാൻ ഒരു സീസണിൽ പരാഗും ശേഷം ജയ്സ്വാളുമെന്ന താത്കാലിക പരിഹാരത്തിലേക്ക് ഫ്രാഞ്ചൈസി എത്തിയെന്നും സൂചനകളുണ്ട്.
content highlight: Sanju Samson
















