മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ ദലിത് യുവാവിനെ മൂന്നു പേർ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് മൂത്രം കുടിപ്പിച്ചു. ബിന്ദ് നിവാസിയായ സോനു ബറുവ എന്നയാളുടെ ഡ്രൈവറായിരുന്നു ഇരയായ യുവാവ്.
അടുത്തിടെ ഇയാൾ ഡ്രൈവിങ് ജോലി നിർത്തിയിരുന്നു. മൂന്ന് ദിവസം മുൻപ് അലോക് പഥക്, ഛോട്ടു ഓജ എന്നിവരോടൊപ്പം സോനു ബറുവ യുവാവിന്റെ വീട്ടിലെത്തി ഡ്രൈവിങ് ജോലിയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യുവാവ് വിസമ്മതിച്ചതോടെ ഇയാളെ ബലമായി മൂവർസംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു.
മൂവരും ചേർന്ന് കാറിനുള്ളിൽ തന്നെ മർദ്ദിക്കുകയും മദ്യം കുടിപ്പിക്കുകയും പിന്നീട് നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി ഇര പൊലീസിനോട് പറഞ്ഞു. അകുത്പുര ഗ്രാമത്തിലെത്തിയ ശേഷം പ്രതികൾ ഇതേ പ്രവർത്തികൾ വീണ്ടും ആവർത്തിച്ചു.
ചങ്ങല കൊണ്ട് കെട്ടിയിട്ട ശേഷം രാത്രി മുഴുവൻ മർദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.















