വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദീപം തെളിയിച്ചാണ് ട്രംപ് ഔദ്യോഗികമായി ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഗ്രേറ്റ് ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചു.
വ്യാപാരത്തിലും പ്രാദേശിക സമാധാന പദ്ധതികളിലും യുഎസ്-ഇന്ത്യ ബന്ധത്തെ കുറിച്ചും ട്രംപ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾക്കും യുഎസിലുള്ള ഇന്ത്യക്കാർക്കും അദ്ദേഹം ദീപാവലി ആശംസകൾ നേർന്നു.
ഇന്ത്യയിലെ ജനങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഇന്ന് ഞാൻ നിങ്ങളുടെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. നല്ലൊരു സംഭാഷണം നടത്തി. ഞങ്ങൾ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന് അതിൽ വളരെ താൽപര്യമുണ്ട്. പാക്കിസ്ഥാനുമായി യുദ്ധങ്ങൾ വേണ്ടെന്ന് നമ്മൾ കുറച്ചു മുമ്പ് സംസാരിച്ചിരുന്നെങ്കിലും വ്യാപാരം ഉൾപ്പെട്ടിരുന്നതിനാൽ, എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ കഴിഞ്ഞു. പാക്കിസ്ഥാനുമായും ഇന്ത്യയുമായും നമുക്ക് യുദ്ധമില്ല. അത് വളരെ നല്ല കാര്യമാണ്. ‘‘മോദി ഒരു മികച്ച വ്യക്തിയാണ്. വർഷങ്ങളായി അദ്ദേഹം എന്റെ ഒരു മികച്ച സുഹൃത്തായി തുടരുകയാണ്. ഇരുട്ടിനുമേൽ പ്രകാശത്തിന്റെ വിജയമാണ് ദീപാവലി. അതിന്റെ പ്രതീകമായാണ് ദീപം കൊളുത്തുന്നത്. അത് അജ്ഞതയ്ക്കുമേൽ അറിവിന്റെയും തിന്മയ്ക്കുമേൽ നന്മയുടെയും വിജയമാണ്- ട്രംപ് പറഞ്ഞു.
















