അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസി ഔദ്യോഗികമായി ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. നേരത്തേ ‘കാബൂൾ നയതന്ത്ര ദൗത്യം’ എന്ന പേരിൽ ആരംഭിച്ച ഓഫിസാണ് എംബസിയായി ഉയർത്തിയത്.
താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. അതേസമയം, എംബസി ആരംഭിച്ചെങ്കിലും താലിബാൻ ഭരണകൂടത്തിന് ഇന്ത്യ ഔദ്യോഗിക അംഗീകാരം നൽകിയേക്കില്ലെന്നാണ് റിപ്പോർട്ട്. 2021 ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തത്.
താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് നയതന്ത്ര മേഖലയിൽ വലിയ ചുവടുവയ്പ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബർ 10ന് മുത്തഖിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം, കാബൂളിലെ ‘നയതന്ത്ര ദൗത്യം’ ഇന്ത്യ മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞിരുന്നു.
















