ശനിയാഴ്ച യുഎസിലെ 50 സംസ്ഥാനങ്ങളിൽ ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ആരംഭിച്ച ‘നോ കിങ്’ പ്രതിഷേധങ്ങളിൽ വൻ ജനക്കൂട്ടം. കുടിയേറ്റം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഎസിൽ ജനം പ്രതിഷേധിച്ചത്. എന്നാൽ പ്രതിഷേധം യുഎസിനെ വെറുക്കുന്നവർ നടത്തുന്നതാണെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം.
അതിനിടയിൽ ആയിരുന്നു ട്രംപിനെ വിമർശിച്ച് ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്തെത്തിയത്. ‘‘യുഎസിലുടനീളം വിവിധ സംസ്ഥാനങ്ങളിലായി എഴുപത് ലക്ഷത്തോളം ആളുകളാണ് ട്രംപിനെതിരെ ‘നോ കിങ്’ പ്രതിഷേധവുമായി രംഗത്തുള്ളത്. നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ, അവരെ ആദ്യം ശാന്തരാക്കുക. അവരെ വീടുകളിലേക്ക് തിരിച്ചയയ്ക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്. ലോകത്ത് നിങ്ങൾക്ക് എന്ത് നിലപാടാണ് ഉള്ളത്. ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത്’’ – ഇങ്ങനെയൊക്കെയാണ് ഇറാനിയൻ പരമോന്നത നേതാവ് എക്‌സിൽ കുറിച്ചത്.
ട്രംപിന് അത്ര കഴിവുണ്ടെങ്കിൽ സമരങ്ങളെ നിയത്രികട്ടെ എന്നാണ് ഖമനയി പറഞ്ഞതെന്നാണ് റിപ്പോട്ടറുകൾ പറയുന്നത്. വിവിധ യുഎസ് സംസ്ഥാനങ്ങളിലായി നടന്ന ‘നോ കിങ്’ പ്രതിഷേധങ്ങളുടെ ചിത്രവും അദ്ദേഹം പങ്കിട്ടു. നേരത്തെ ആണവ വിഷയത്തിൽ ചർച്ചയ്ക്കുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം ആയത്തുല്ല അലി ഖമനയി നിരസിച്ചിരുന്നു. ഇറാനിലെ ആണവകേന്ദ്രങ്ങളെല്ലാം തകർത്തെന്ന ട്രംപിന്റെ അവകാശവാദവും അദ്ദേഹം തള്ളിയിരുന്നു.
















