പഞ്ചാബി ഗായകൻ തേജി കഹ്‌ലോണിന് കാനഡയിൽ വെടിയേറ്റ സംഭവത്തിൽ, കുപ്രസിദ്ധ ഗുണ്ടാ നേതാവ് റോഹിത് ഗോദാരയുടെ കൂട്ടാളികൾ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ അന്തർദേശീയ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക വീണ്ടും വാർത്തകളിൽ നിറയുന്നു. ട്രാൻസ്‌നാഷണൽ ഗ്യാങ് വാർ എന്നറിയപ്പെടുന്ന ഈ സംഘർഷം, കുടിയേറ്റക്കാർ കൂടുതലായുള്ള ഇന്ത്യയുടെയും കാനഡയുടെയും സുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയാണ്.
ആക്രമണം നടത്തിയതിന് പിന്നാലെ മഹേന്ദർ സരൺ ദിലാന, രാഹുൽ റിനൗ, വിക്കി പൽവാൻ എന്നിവർ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഗായകനെ വെടിവെച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ടത്. എതിരാളി സംഘങ്ങൾക്ക് ആയുധങ്ങളും പണവും നൽകുന്നു, കൂടാതെ എതിരാളികളുടെ വിവരങ്ങൾ പോലീസിന് ചോർത്തി നൽകുന്ന വിവരദായകനായി പ്രവർത്തിക്കുന്നു എന്നീ ആരോപണങ്ങളാണ് കഹ്‌ലോണിനെതിരെ ഇവർ ഉന്നയിച്ചത്. “കാനഡയിൽ തേജി കഹ്‌ലോണിന് വെടിയുതിർത്തത് ഞങ്ങൾ തന്നെയാണ്. വയറ്റിലാണ് വെടിവെച്ചത്. ഇത് അവനൊരു പാഠമാകണം. ഇനി തെറ്റ് ആവർത്തിച്ചാൽ അടുത്ത തവണ ഞങ്ങൾ അവനെ തീർക്കും,” എന്ന മുന്നറിയിപ്പും പ്രസ്താവനയിലുണ്ട്.
കാനഡയിലെ പ്രാദേശിക അധികൃതർ ഈ ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഹ്‌ലോണിന് വെടിയേറ്റതോടെ, റോഹിത് ഗോദാരയുമായി ബന്ധപ്പെട്ട മറ്റ് കേസുകളും വീണ്ടും ചർച്ചയായി. ഈ മാസം ആദ്യം രാജസ്ഥാനിലെ കുച്ചാമൻ ടൗണിൽ ജിമ്മിൽ വ്യായാമം ചെയ്യുകയായിരുന്ന 40 വയസ്സുള്ള ബിസിനസുകാരൻ രമേഷ് റുലാനിയയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ റോഹിത് ഗോദാര സംഘത്തിന് പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. റുലാനിയക്ക് ഗോദാര സംഘത്തിന്റെ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി പോലീസ് പറയുന്നു.
















