ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപ്പോഴത്തെ ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡൻ്റ് കള്ളനാണ്. ഏതെങ്കിലും കള്ളൻ താനാണ് കട്ടതെന്ന് സമ്മതിക്കുമോയെന്നും സ്വർണ കവർച്ചയിൽ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം കോടതി പൂർണ്ണമായും അംഗീകരിച്ചുവെന്നും വി.ഡി സതീശൻ പറഞ്ഞു. സ്വർണ്ണ കവർച്ചയാണ് നടന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. ഞെട്ടിക്കുന്ന തെളിവുകളാണ് കോടതി കണ്ടെത്തിയത്. ദേവസ്വം പ്രസിഡൻ്റ് ഇടപെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്നെ നൽകിയത്. ദേവസ്വം മാനുവൽ ലംഘിക്കപ്പെട്ടു. ദ്വാരപാലക ശിൽപം ഉൾപ്പടെ പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല എന്ന ഹൈക്കോടതി വിധി ഉൾപ്പെടെ ലംഘിക്കപ്പെട്ടു. ഇപ്പോഴത്തെ ദേവസ്വം ബോർഡിന് ബന്ധമില്ല എന്ന് സർക്കാരിന്റെ വാദം കോടതി തന്നെ തള്ളി. പ്രതിപക്ഷം കേരളത്തിൽ പറഞ്ഞത് മുഴുവൻ കാര്യങ്ങളും 100% ശരിയാണെന്ന് കോടതി തന്നെ പറഞ്ഞു. ഉദ്യോഗസ്ഥരാണ് കാരണക്കാർ എങ്കിൽ പിന്നെയെന്തിനാണ് നോക്കുകുത്തിയായി ദേവസ്വം പ്രസിഡൻ്റ് എന്നും വി.ഡി സതീശൻ ചോദിച്ചു.
















