അതിർത്തിയിലെ വ്യോമ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി റഷ്യയിൽ നിന്ന് 10,000 കോടി രൂപയുടെ എസ്-400 വ്യോമ പ്രതിരോധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. റഷ്യയുമായി പ്രതിരോധ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ കേന്ദ്ര സർക്കാർ ആരംഭിച്ചു കഴിഞ്ഞു. അടുത്തിടെ നടന്ന ഓപ്പറേഷൻ സിന്ദൂറിലും, അതിനു ശേഷം നാല് ദിവസം നീണ്ട പാകിസ്താനുമായുള്ള സംഘർഷത്തിലും എസ്-400 സംവിധാനം ഇന്ത്യൻ വ്യോമസേനക്ക് നിർണായകമായ ‘ഗെയിം ചേഞ്ചർ’ ആയിരുന്നു.
സംഘർഷത്തിനിടെ 300 കിലോമീറ്ററിലധികം ദൂരത്ത് വെച്ച് ആറോളം പാകിസ്താൻ യുദ്ധവിമാനങ്ങളെയും ഒരു ചാരവിമാനത്തെയും തകർക്കാൻ എസ്-400 സംവിധാനം ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേനക്ക് സാധിച്ചിരുന്നു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനം.
പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, റഷ്യയുമായുള്ള 10,000 കോടി രൂപയുടെ മിസൈൽ വാങ്ങൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
ഒക്ടോബർ 23-ന് നടക്കാനിരിക്കുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) യോഗത്തിൽ വ്യോമസേനയുടെ ഈ സുപ്രധാന നിർദ്ദേശത്തിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള എസ്-400 ഇൻവെന്ററി കൂടുതൽ സ്‌ക്വാഡ്രണുകൾ ചേർത്തുകൊണ്ട് വികസിപ്പിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. 2018-ൽ റഷ്യയുമായി ഒപ്പുവച്ച അഞ്ച് സ്‌ക്വാഡ്രണുകളിൽ മൂന്നെണ്ണം ഇതിനോടകം ഇന്ത്യക്ക് കൈമാറി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധം കാരണം നാലാമത്തെ സ്‌ക്വാഡ്രണിന്റെ വിതരണം വൈകുകയായിരുന്നു. ഈ മിസൈലുകൾക്ക് പുറമെ സൈനികശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എയർ ടു എയർ മിസൈലുകൾ വാങ്ങുന്ന കാര്യവും ഇന്ത്യയുടെ പരിഗണനയിലുണ്ട്.
















