പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദർശനം നടത്തിയ ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ അനുഗമിച്ച ദേവസ്വം മന്ത്രി വി എൻ വാസവൻ അയ്യപ്പനെ വണങ്ങാതിരുന്നത് വിവാദമാകുന്നു. രാഷ്‌ട്രപതി കൈകൂപ്പി തൊഴുത് ദർശനം നടത്തുമ്പോൾ പിന്നിലായി ദേവസ്വം മന്ത്രി കൈകൾ താഴ്ത്തി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ആർഎസ്എസ് അഖിലേന്ത്യാ നേതാവ് ജെ നന്ദകുമാറാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയത്.
രാഷ്ട്രത്തിന്റെ സർവസൈന്യാധിപ പ്രപഞ്ചത്തിന്റെ ചക്രവർത്തിയായ കലിയുഗവരദന്റെ മുന്നിൽ വിനയാന്വിതയായി ഭക്തിപുരസ്സരം പ്രണമിക്കുമ്പോൾ അയ്യപ്പനും മേലെയാണ് താനെന്ന ധിക്കാരത്തോടെ ദേവസ്വം മന്ത്രി…എന്നാണ് ജെ നന്ദകുമാർ സംഭവത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചത്.
അതേസമയം, സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ശേഷം വാവര് നടയിലും ദര്‍ശനം നടത്തി രാഷ്‌ട്രപതി ദ്രൗപതി മുർമു. വാവർ തീവ്രവാദിയും മുസ്ലിം ആക്രമണകാരിയുമാണെന്ന് വാദിച്ചുകൊണ്ടുള്ള ആർഎസ്എസ് -ബിജെപി പ്രചാരണത്തിന് തിരിച്ചടിയാണിത്.
പന്തളത്ത് സംഘപരിവാർ സംഘടനകളുടെ ശബരില സംരക്ഷണ സംഗമം നടത്തിയപ്പോൾ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദമ മഹർഷിയുടെ പ്രസംഗത്തിൽ വാവർ തീവ്രവാദിയും മുസ്ലിം ആക്രമണകാരിയുമാണെന്ന് പരാമർശിച്ചിരുന്നു. പതിനെട്ടാം പടിക്കു താഴെയൊരു ചങ്ങായി ഇരിപ്പുണ്ടെന്നും നാളെ അതും വഖഫ് ആണെന്നു പറഞ്ഞു വരുമെന്നുമായിരുന്നു ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ പരാമർശം.
















