തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള തിരുവള്ളൂർ ജില്ലയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. 33 വയസ്സുള്ള ചിലമ്പരശനാണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. തിരുവള്ളൂർ ജില്ലയിലെ ശ്മശാനത്തിന് സമീപം ഡ്രമ്മിൽ കുഴിച്ചിട്ട നിലയിലാണ് ചിലമ്പരശന്റെ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു .
“ഓഗസ്റ്റ് 14-ന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് മൂന്ന് കിലോമീറ്റർ അകലെ ഉപേക്ഷിച്ചതായി ചിലമ്പരശൻ സമ്മതിച്ചു”, തിരുവള്ളൂർ ജില്ലാ പോലീസ് സൂപ്രണ്ട് വിവേകാനന്ദ ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.
പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്. 26 വയസ്സുള്ള ഭാര്യ പ്രിയക്ക് “നിരവധി ബന്ധങ്ങളുണ്ടായിരുന്നതായി” ചിലമ്പരശൻ സംശയിച്ചിരുന്നുവെന്നും ഈ സംശയത്തെ തുടർന്ന് ദമ്പതികൾക്കിടയിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി എസ്.പി. പറഞ്ഞു. പ്രിയയുടെ പിതാവ് ശ്രീനിവാസനാണ് അരമ്പാക്കം പോലീസിൽ മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയതിനെ തുടർന്നായിരുന്നു അന്വേഷണം നടന്നത്.
“മകളെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ അസ്വാഭാവികത തോന്നിയാണ് അദ്ദേഹം പരാതി നൽകിയത്,” എസ്.പി. ശുക്ല പറഞ്ഞു.
കാണാതാകുന്നതിന് തൊട്ടുമുമ്പ് പ്രിയ, അരാണിക്കടുത്തുള്ള പുതുപ്പാളയത്തുള്ള മാതാപിതാക്കളുടെ വീട്ടിൽ പോയിരുന്നുവെന്നും ഭർത്താവുമായി പിരിഞ്ഞു താമസിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നതായി പോലീസ് അറിയിച്ചു. എന്നാൽ, കുടുംബം പറഞ്ഞ് ആശ്വസിപ്പിച്ചു പ്രിയയെ ഭർത്താവിന്റെ അടുത്തേക്ക് തിരിച്ചയക്കുകയായിരുന്നു. ഏകദേശം രണ്ട് മാസമായി അമ്മയെ കണ്ടിട്ടെന്ന പ്രിയയുടെ രണ്ട് മക്കൾ ശ്രീനിവാസനോട് പറഞ്ഞപ്പോഴാണ് അദ്ദേഹം ഉടൻ തന്നെ പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്.
“ഞങ്ങൾ ചോദ്യം ചെയ്തപ്പോൾ ചിലമ്പരശൻ മൊഴി മാറ്റിക്കൊണ്ടിരുന്നു, അതിനാൽ സംശയം തോന്നി കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്,” എസ്.പി. പറഞ്ഞു. കൊലപാതകത്തിന് കേസെടുത്ത ചിലമ്പരശനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
















