കെ.സി.എ ജൂനിയര്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ഫൈനലില്‍ ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനെ ഒരിന്നിങ്‌സിനും 33 റണ്‍സിനും തോല്പിച്ചാണ് ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ചാമ്പ്യന്മാരായത്. ആദ്യ ഇന്നിങ്‌സില്‍ 95 റണ്‍സിന് ഓള്‍ ഔട്ടായ ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിനെതിരെ ആത്രേയ ക്ലബ്ബ് 264 റണ്‍സ് നേടിയിരുന്നു. തുടര്‍ന്ന് 169 ലീഡ് വഴങ്ങിയ ലിറ്റില്‍ മാസ്റ്റേഴ്‌സ് രണ്ടാം ഇന്നിങ്‌സില്‍ 136 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഏഴ് വിക്കറ്റിന് 111 റണ്‍സെന്ന നിലയിലാണ് ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് അവസാന ദിവസം കളി തുടങ്ങിയത്. മൂന്ന് വിക്കറ്റുകള്‍ ശേഷിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 58 റണ്‍സ് കൂടിയാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെ എസ് നവനീതിന്റെ പ്രകടനമാണ് ആത്രേയ ബൌളിങ് നിരയില്‍ ശ്രദ്ധേയമായത്. മൊഹമ്മദ് ഷഹീന്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇഷാന്‍ എം രാജാണ് രണ്ടാം ഇന്നിങ്‌സില്‍ ലിറ്റില്‍ മാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോറര്‍.
ആകെ ആറ് ടീമുകളായിരുന്നു ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. പ്രാഥമിക ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായിട്ടായിരുന്നു ആത്രേയയും ലിറ്റില്‍ മാസ്റ്റേഴ്‌സും ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ കെ എസ് നവനീതാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനവും ഒരു സെഞ്ച്വറിയും അടക്കം ടൂര്‍ണ്ണമെന്റിലുടനീളം ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ നവനീത് തന്നെയാണ് ടൂര്‍ണ്ണമെന്റിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സെഞ്ച്വറികളടക്കം ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന്റെ വിശാല്‍ ജോര്‍ജാണ് മികച്ച ബാറ്റര്‍. ആര്‍എസ്ജി എസ്ജി ക്രിക്കറ്റ് സ്‌കൂളിന്റെ ശിവദത്ത് സുധീഷാണ് മികച്ച ബൌളറായി തെരഞ്ഞെടുക്കപ്പെട്ടത്.
സ്‌കോര്‍ ഒന്നാം ഇന്നിങ്‌സ് – ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് – 95 റണ്‍സിന് ഓള്‍ ഔട്ട്
ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് – ഒന്‍പത് വിക്കറ്റിന് 264
സ്‌കോര്‍ രണ്ടാം ഇന്നിങ്‌സ് – ലിറ്റില്‍ മാസ്റ്റേഴ്‌സ് – 136ന് ഓള്‍ ഔട്ട്
CONTENT HIGH LIGHTS; The first comprehensive biography of Vayalar Ramavarma is coming: ‘Vayalar Ramavarma, a poetic life’
















